ബംഗളൂരു: കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് ബംഗളൂരു സൗത്ത് ജില്ലാ സമ്മേളനവും ആനേക്കല്‍ നിയമസഭാ മണ്ഡലം യൂണിറ്റിന്റെ ഉദ്ഘാടനവും ആഭ്യന്തരവകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി നിര്‍വഹിച്ചു.
മലയാളികള്‍ അച്ചടക്കമുള്ളവരും അധ്വാനിച്ച് ജീവിക്കുന്നവരും കലാസാഹിത്യ രാഷ്ട്രീയ മേഖലകളില്‍ തനത് മുദ്ര പതിപ്പിക്കുന്നവരുമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. കര്‍ണാടകയില്‍ ജീവിക്കുന്ന മലയാളികള്‍ ഇവിടുത്തെ കലാ-സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നല്കിയ സംഭാവനകള്‍ കേരളത്തിന്റെ യശസ് ഉയര്‍ത്തുന്നതാണെന്ന് തുടര്‍ന്നു പ്രസംഗിച്ച പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ജാതിമത വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ലഭിക്കുന്നതിനും സാധാരണക്കാരന് അര്‍ഹിക്കുന്ന അംഗീകാരവും ജീവിതസാഹചര്യങ്ങളും ലഭിക്കാനും കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. സംഘ്പരിവാർ ഭീഷണി വകവയ്ക്കാതെ കേരള മുഖ്യമന്ത്രി പിണറായി വിജയന് മംഗളൂരു നഗരത്തിൽ ഭയംകൂടാതെ പ്രസംഗിക്കാന്‍ സാഹചര്യമൊരുക്കിയത് സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഔന്നത്യം തുറന്നുകാണിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.
ശിവണ്ണ എംഎല്‍എ, കേരള പിസിസി സെക്രട്ടറി സജീവ് ജോസഫ്, കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് നേതാക്കളായ സത്യന് പുത്തൂര്‍, ബിനു തോമസ്, ബിനു ദിവാകരന്, വി.എല്‍. ജോസഫ്, അലക്സ് ജോസഫ്, ഷൈന്‍ ആന്റണി, ഡി.കെ. ബ്രിജേഷ്, ഡോ.ബെന്‍സണ്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.
മലയാളികൾ അച്ചടക്കമുള്ളവർ: മന്ത്രി രാമലിംഗ റെഡ്ഡി
05:06 PM Dec 23, 2017 | Deepika.com