സമൂഹമാധ്യമങ്ങളിൽ നിന്നും ഇടവേളയെടുക്കുകയാണെന്ന് ആരാധകരെ അറിയിച്ച് നടി അനുശ്രീ. കഴിഞ്ഞ ദിവസം തകർന്നുപോയ ഒരാഴ്ചയാണ് ജീവിതത്തിൽ കടന്നുപോയതെന്ന് അനുശ്രീ ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോയ്ക്കൊപ്പം കുറിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും തൽകാലത്തേക്ക് ഇടവേളയെടുക്കുന്നു എന്നറിയിച്ച് താരം എത്തിയത്.
ഭയത്തിന്റെയും കണ്ണുനീരിന്റെയും ദിനങ്ങളായിരുന്നു ഒപ്പമുണ്ടായിരുന്നതെന്നും എന്നാൽ ഇനിയുള്ള ജീവിതം തന്നെ സ്നേഹിക്കുന്നവർക്കൊപ്പം സന്തോഷിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അനുശ്രീ പറഞ്ഞിരുന്നു.
എന്നാൽ സങ്കടത്തിന് കാരണമെന്താണെന്ന് താരം വെളിപ്പെടുത്തുന്നില്ല. നിരവധി ആരാധകരാണ് എന്താണ് തങ്ങളുടെ പ്രിയതാരത്തിന് സംഭവിച്ചതെന്ന് കമന്റിലൂടെ ചോദിക്കുന്നുണ്ട്.
എല്ലാം ശരിയാകുമെന്നും എല്ലാം സംഭവിക്കുന്നത് നല്ലതിനാണെന്നും ആരാധകർ അനുവിനോട് പറയുന്നുണ്ട്.
‘വേഗം തിരിച്ച് വരൂ’, ‘എന്തുപറ്റിയെന്ന് ഞങ്ങളോടു പറയൂ’, ‘ഞങ്ങൾ അനുവിനെ മിസ് ചെയ്യും തുടങ്ങി നിരവധി കമന്റുകളാണെത്തുന്നത്.
‘‘ഒരുപാട് തകർന്നുപോയ ഒരാഴ്ച, ഭയത്തിന്റെയും കണ്ണുനീരിന്റെയും ഒരാഴ്ച. അത് ഉത്കണ്ഠയുടെയും പ്രതീക്ഷയുടെയും ഒരാഴ്ചയായിരുന്നു. ഈ കടങ്കഥ പരിഹരിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
പക്ഷേ ഇത് ഒരിക്കലും മാറില്ലെന്ന് എനിക്കുറപ്പായി, അതിനാൽ ഞാൻ മുന്നോട്ട് തന്നെ പോകാൻ തീരുമാനിക്കുകയാണ്. കാരണം ആഘോഷിക്കാൻ എനിക്കൊരു ലോകം തന്നെ കാത്തിരിക്കുന്നു.
സ്നേഹിക്കാൻ ഒരു കുടുംബവും പിന്തുണയ്ക്കാൻ കുറെയേറെ സുഹൃത്തുക്കളുമുണ്ട്. സുന്ദരമായ ഒരു ജീവിതം എന്നെ കാത്തിരിക്കുന്നു അതിനാൽ ഇനി മുതൽ ഈ ദുഃഖത്തിലേക്ക് ഞാൻ തിരിഞ്ഞു നോക്കില്ല.
ഈ സങ്കടത്തെക്കുറിച്ച് ചിന്തിക്കുന്നത് ഞാൻ എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണ്.’’ ഇതായിരുന്നു അനുശ്രീ കഴിഞ്ഞ ദിവസം കുറിച്ചത്.
‘കള്ളനും ഭഗവതിയും’ ആണ് അനുശ്രീയുടെ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥനിൽ’ അതിഥിവേഷത്തിലും നടി എത്തുന്നുണ്ട്.