ദുൽഖർ സൽമാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു വീഡിയോയുടെ പുറകേയാണ് ആരാധകർ. ഞാൻ ഉറങ്ങിയിട്ട് നാളുകളായി എന്നു കുറിച്ചുകൊണ്ടാണ് ദുൽഖർ വീഡിയോ പങ്കുവച്ചത്.
എന്നാൽ പങ്കുവച്ചതിന് പിന്നാലെ താരം ഇത് പിൻവലിക്കുകയും ചെയ്തു. ഇതോടെ എന്താണ് താരത്തിന് സംഭവിച്ചതെന്ന ആശങ്കയിലാണ് ആരാധകർ.
തിങ്കളാഴ്ച വൈകുന്നേരമാണ് ദുൽഖർ ഇത്തരമൊരു വീഡിയോ പങ്കുവച്ചത്. ഏതെങ്കിലും തരത്തിലുള്ള പ്രശ്നം താരം നേരിടുന്നുണ്ടോ എന്ന ചോദ്യവുമായി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായെത്തിയത്.
കുറച്ചു നാളുകളായി ഉറങ്ങിയിട്ട്. ആദ്യമായി ജീവിതത്തിൽ ചില കാര്യങ്ങൾ നേരിടേണ്ടി വന്നു. കാര്യങ്ങൾ ഒന്നും പഴയപടിയല്ല. നേരിടേണ്ടി വന്നതൊന്നും മനസിൽ നിന്നും കളയാൻ പറ്റുന്നില്ല. എനിക്ക് കൂടുതൽ പറയണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ എനിക്ക് അതിന് സാധിക്കുമെന്ന് തോന്നുന്നില്ല. വീഡിയോയിൽ ദുൽഖർ പറയുന്നു.
വീഡിയോ ദുല്‍ഖര്‍ പിന്‍വലിച്ചെങ്കിലും ആരാധകര്‍ ഇത് ഡൗൺലോഡ് ചെയ്തുവച്ചതോടെ സംഗതി സമൂഹമാധ്യമങ്ങളില്‍ വൈറലായി.
എന്നാൽ ഇത് റിലീസിനൊരുങ്ങുന്ന ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്തയുടെ പ്രമോഷന്റെ ഭാഗമാണെന്നും സൂചനയുണ്ട്.