ബംഗളൂരു: റിന്യൂവൽ റിട്രീറ്റ് സെന്റർ സ്ഥാപിതമായതിന്റെ ഇരുപത്തിമൂന്നാമത് വാർഷികവും എല്ലാ ശുശ്രൂഷകളും വിരുന്ന് ഫണ്ടിലൂടെ സൗജന്യമായി ക്രമീകരിക്കുന്നതിന്റെ പതിനേഴാം വാർഷികവും ഡിസംബർ മൂന്നിന് ആഘോഷിച്ചു. രാവിലെ ഒന്പതിന് ജപമാലയോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് നൊവേനയും ദിവ്യകാരുണ്യ ആരാധനയും ദിവ്യബലിയും സ്നേഹവിരുന്നും നടന്നു. യെമനിൽ ഭീകരരുടെ പിടിയിൽ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിൽ തന്റെ അനുഭവങ്ങൾ പങ്കുവച്ചു. തന്റെ മോചനത്തിനു വേണ്ടി പ്രാർഥിച്ച എല്ലാവർക്കും അദ്ദേഹം നന്ദിപറഞ്ഞു.
തുടർന്ന് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും കൃതജ്ഞതാബലിക്കും ബംഗളൂരു അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. ബർണാഡ് മോറസ് നേതൃത്വം നല്കി. കർണാടകയുടെ ആത്മീയ പുരോഗതിക്ക് ചെറുപുഷ്പ സഭയുടെ നേതൃത്വത്തിൽ ആർആർസി ധ്യാനകേന്ദ്രം നല്കിയ സംഭാവനകളെ ഡോ. ബർണാഡ് മോറസ് അനുസ്മരിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ, പൗരോഹിത്യ സ്വീകരണത്തിൻറെ സുവർണജൂബിലി ആഘോഷിക്കുന്ന ആർച്ച് ബിഷപ് ഡോ. ബർണാഡ് മോറസിനെയും ഫാ. സെലസ്റ്റിൻ ചക്കാലക്കുന്നേൽ സിഎസ്ടിയെയും ഫാ. ടോം ഉഴുന്നാലിലിനെയും ആദരിച്ചു. സിഎസ്ടി സഭയുടെ വികാരിജനറാൾ ഫാ. ആൻറണി കണ്ണംപള്ളി, ആർആർസി ഡയറക്ടർ ഫാ. ജോസഫ് മുണ്ടോളിക്കൽ സിഎസ്ടി, ആലുവ പ്രൊവിൻഷ്യാൾ ഫാ. സജി മാത്യു കണയങ്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു. ചടങ്ങുകളിലും സമ്മേളനത്തിലും എണ്ണായിരത്തോളം പേർ പങ്കെടുത്തു.
നന്ദിപ്രകാശനമായി ആർആർസിയിൽ വിരുന്ന് വാർഷികാഘോഷം
08:50 PM Dec 12, 2017 | Deepika.com