ബംഗളൂരു: ക്രിസ്മസ്- പുതുവത്സര അവധിയോടനുബന്ധിച്ച് കർണാടക ആർടിസി ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 56 സ്പെഷൽ സർവീസുകൾ നടത്തും. ഇതു കൂടാതെ മൈസൂരുവിലേക്ക് ആറു സർവീസുകളും നടത്തുന്നുണ്ട്. നേരത്തെ 34 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും യാത്രക്കാരുടെ തിരക്ക് കൂടിയതോടെയാണ് സർവീസുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്. ഈ ബസുകളിലേക്കുള്ള ബുക്കിംഗ് നടന്നുവരികയാണ്.
കേരളത്തിലേക്ക് യാത്രാത്തിരക്ക് കൂടുതലുള്ള 21,22,23 തീയതികളിലാണ് സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നത്. തിരക്ക് അനുസരിച്ച് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്നാണ് കർണാടക ആർടിസി അധികൃതർ അറിയിച്ചത്. മൈസൂരുവിൽ നിന്ന് 21,22,23,24 തീയതികളിലാണ് കേരളത്തിലേക്ക് സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നത്. ഇത്തവണ ഡിസംബർ 31 വരെ എല്ലാ ദിവസവും മൂന്നാറിലേക്കും കുമളിയിലേക്കും ഓരോ പ്രത്യേക സർവീസുകളും നടത്തുന്നുണ്ട്. അവധിക്കു ശേഷം തിരികെ ബംഗളൂരുവിലേക്കും സ്പെഷൽ ബസുകൾ സർവീസ് നടത്തും.
മണ്ഡലകാലത്തോടനുബന്ധിച്ച് പമ്പയിലേക്കുള്ള കർണാടക ആർടിസി സ്പെഷൽ സർവീസുകൾ വെള്ളിയാഴ്ച ആരംഭിച്ചിട്ടുണ്ട്. നിലവിൽ കർണാടക ആർടിസി രാജഹംസയുടെ ആറു സർവീസുകളാണ് പമ്പയിലേക്ക് നടത്തുന്നത്.
കർണാടക ആർടിസി സ്പെഷൽ ബസുകളുടെ സമയക്രമം:
ഡിസംബർ 21, വ്യാഴം: ബംഗളൂരു- എറണാകുളം (രാത്രി 7.48), ബംഗളൂരു- കോട്ടയം (7.24), ബംഗളൂരു- തൃശൂർ (9.04), ബംഗളൂരു- പാലക്കാട് (9.38), ബംഗളൂരു- മൂന്നാർ (9.08) , ബംഗളൂരു- കുമളി (8.38), മൈസൂരു- എറണാകുളം (6.05).
ഡിസംബർ 22, വെള്ളി: ബംഗളൂരു- എറണാകുളം (രാത്രി 7.08, 7.18, 7.24, 7.30, 8.52, 9.12), ബംഗളൂരു- കോട്ടയം (7, 7.05, 7.12, 7.22), ബംഗളൂരു- തൃശൂർ (8.10, 8.28, 9.29, 9.40), ബംഗളൂരു -പാലക്കാട് (9.48, 9.58),ബംഗളൂരു- കോഴിക്കോട് (9.38, 9.48, 9.14, 9.18), ബംഗളൂരു- കണ്ണൂർ (9.14, 9.18, 9.48), ബംഗളൂരു- മൂന്നാർ (9.02, 9.08), ബംഗളൂരു- കുമളി (8.33, 8.38), മൈസൂരു- എറണാകുളം (7.30).
ഡിസംബർ 23, ശനി: ബംഗളൂരു- എറണാകുളം (7.16, 7.20), ബംഗളൂരു- തൃശൂർ (9.35, 9.38), ബംഗളൂരു- കോട്ടയം (7.10), ബംഗളൂരു- മൂന്നാർ (9.02), ബംഗളൂരു- പാലക്കാട് (9.54), ബംഗളൂരു- കുമളി (8.33), മൈസൂരു- എറണാകുളം (5.02, 6.38).
ഡിസംബർ 24, ഞായർ: മൈസൂരു- എറണാകുളം (5.02, 8.30)
ക്രിസ്മസ്-പുതുവത്സര അവധി: കർണാടക ആർടിസിക്ക് 56 സ്പെഷൽ സർവീസുകൾ
05:36 PM Dec 09, 2017 | Deepika.com