നടൻ രാംചരണിനും ഉപാസന കാമിനേനിക്കും 11 വർഷത്തിന് ശേഷം പിറന്ന പെൺകുഞ്ഞിന്റെ പേര് ആരാധകരെ അറിയിച്ച് മുത്തച്ഛനും മെഗാസ്റ്റാറുമായ ചിരഞ്ജീവി. ക്ലിൻ കാര കൊനിഡേല എന്നാണ് കുഞ്ഞിന്റെ പേര്.
ലളിതാസഹസ്രനാമത്തിൽ നിന്നാണ് കൊനിഡേല കുടുംബത്തിലെ കുഞ്ഞുതാരത്തിനു പേര് കണ്ടെത്തിയതെന്നും ചിരഞ്ജീവി കുറിച്ചു.
ജൂൺ 20 നു രാവിലെയായിരുന്നു രാം ചരൺ–ഉപാസന ദമ്പതികൾക്ക് പെൺകുഞ്ഞു പിറന്നത്. വെള്ളിയാഴ്ചയായിരുന്നു പേരിടൽ ചടങ്ങ്.
ക്ലിൻ കാര എന്നാൽ പ്രകൃതിയുടെ മൂർത്തീഭാവമെന്ന് അർഥം. പ്രപഞ്ച മാതാവായ ശക്തിയുടെ സൂക്ഷ്മരൂപമാണത്. ഞങ്ങളുടെ കൊച്ചു രാജകുമാരി വളരുമ്പോൾ ഈ ഗുണങ്ങളെല്ലാം അവളുടെ വ്യക്തിത്വത്തിൽ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ചിരഞ്ജീവി കുറിച്ചു.
2012 ജൂണ്‍ 14നായിരുന്നു രാംചരണിന്റെയും ഉപാസനയുടെയും വിവാഹം. സംരംഭകയും അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്മാന് പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് ഉപാസന കാമിനേനി. അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പഴ്സൻ കൂടിയാണ് ഉപാസന.