വിവാഹ മോചന വാർത്തകളോട് പരസ്യമായി പ്രതികരിച്ച് നടി അസിൻ. ഭർത്താവ് രാഹുലിനൊപ്പം ഇപ്പോൾ വേനൽക്കാല അവധി ആസ്വദിക്കുകയാണെന്നും അടിസ്ഥാനരഹിതമായ വാർത്തകളോട് പ്രതികരിച്ച് ജീവിതത്തിലെ അഞ്ചു മിനിറ്റ് നഷ്ടപ്പെടുത്തുന്നതിൽ ദുഃഖമുണ്ടെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അസിൻ പറയുന്നു.
2016ലാണ് അസിനും മൈക്രോമാക്സ്- റെവോള്‍ട്ട് ബ്രാന്‍ഡുകളുടെ മേധാവിയായ രാഹുല്‍ ശര്‍മയും വിവാഹിതരാകുന്നത്. ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന അസിന് ജീവിതത്തിലെ സുന്ദരനിമിഷങ്ങളെല്ലാം പങ്കുവയ്ക്കാറുമുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ നിന്ന് ഭർത്താവായ രാഹുൽ ശർമയുടെ ചിത്രങ്ങൾ നീക്കം ചെയ്തതോടെയാണ് ദമ്പതികൾ പിരിയുകയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്.
ബോളിവുഡ് നടൻ റിഷി കപൂർ അന്തരിച്ച വേളയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം മാത്രമാണ് അസിനും രാഹുലും ഒരുമിച്ചുനിൽക്കുന്നതായി ഇൻസ്റ്റാഗ്രാമിലുള്ളത്.
ബോളിവുഡിലെ നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ താര ദമ്പതിമാരുടെ വിവാഹ മോചന വാർത്തകള്‍ നിറഞ്ഞു. വാർത്ത പരന്നതോടെ വിശദീകരണവുമായി അസിൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
‘‘വേനൽക്കാല അവധി ആസ്വദിക്കുകയാണ് ഞങ്ങൾ. ശരിക്കും പറഞ്ഞാൽ ഒരു മേശക്കിരുവശവുമിരുന്ന് പ്രഭാത ഭക്ഷണം ആസ്വദിക്കുന്നതിനിടെയാണ് വളരെ സാങ്കൽപികവും തീർത്തും അടിസ്ഥാനരഹിതവുമായ ചില വാർത്തകൾ കാണാനിടയായത്.
ഈ സംഭവം എന്നെ ഓർമിപ്പിക്കുന്നത് മറ്റൊരു വാർത്തയെക്കുറിച്ചാണ്. ഞങ്ങളുടെ വിവാഹം അടുത്തിരിക്കുന്ന നാളുകളിൽ ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് വിവാഹ ഒരുക്കങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്നപ്പോൾ വന്നൊരു വാർത്ത.
ഞങ്ങൾ ബ്രേക്ക്അപ്പ് ആയി എന്നായിരുന്നു അതിലുണ്ടായിരുന്നത്. ദയവായി കൂടുതൽ പക്വതയോടെ വാർത്തകൾ സൃഷ്ടിക്കാൻ ശ്രമിക്കുക.
ഇത്തരം വ്യാജവാർത്തകളോട് പ്രതികരിക്കാൻ ഞങ്ങളുടെ ഏറ്റവും മനോഹരമായ അവധിക്കാലത്തിന്റെ അഞ്ചു മിനിറ്റ് പാഴാക്കിയതിൽ നിരാശയുണ്ട്. നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു. അസിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
2017ലാണ് അസിനും രാഹുലിനും പെൺകുഞ്ഞ് ജനിച്ചത്. അരിൻ ശർമ എന്നാണ് കുഞ്ഞിന്റെ പേര്.
2001-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെയാണ് അസിൻ സിനിമാരംഗത്തെത്തിയത്.
എം.കുമരൻ സൺ ഓഫ് മഹലാക്ഷ്മിയിലൂടെ തമിഴ് സിനിമയിലും അസിൻ അരങ്ങേറ്റം നടത്തി. പിന്നീട് തുടരെ തുടരെ ഹിറ്റുകൾ സമ്മാനിച്ച നടി തെന്നിന്ത്യയുടെ റാണിയായി മാറി.
കമൽ ഹാസൻ, വിജയ്, അജിത്, സൂര്യ, പ്രഭാസ്, രവിതേജ, നാഗാർജുന, പവൻ കല്യാൺ, ആമിർ ഖാൻ, അക്ഷയ് കുമാർ തുടങ്ങി തമിഴിലേയും തെലുങ്കിലേയും ഹിന്ദിയിലേയും സൂപ്പർതാരങ്ങൾക്കൊപ്പം അസിൻ വേഷമിട്ടു.