ബംഗളൂരു: മാണ്ഡ്യ രൂപത പിതൃവേദിയുടെ നേതൃത്വത്തിൽ നിർധനരോഗികൾക്കു വേണ്ടി ഒരുക്കിയ നാലാമത് സൗജന്യ ഡയാലിസിസ് യൂണിറ്റ് നാഗവാര ജെഎംജെ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ യൂണിറ്റിന്റെ ആശീർവാദകർമം നിർവഹിച്ചു. രൂപതാ പിതൃവേദിയുടെ പ്രവർത്തനങ്ങൾ സഭയ്ക്കും സമൂഹത്തിനും മാതൃകയാണെന്ന് മാർ ആന്റണി കരിയിൽ അഭിപ്രായപ്പെട്ടു.
പിതൃവേദി രൂപതാ ഡയറക്ടർ ഫാ. റോയി വട്ടക്കുന്നേൽ സിഎംഎഫിനെയും അസോസിയേറ്റ് ഡയറക്ടർമാരായ ജോസഫ് ഐക്കര, കെ.ജെ. ജോൺസൺ, എന്നിവരെയും കേന്ദ്രകമ്മിറ്റി അംഗങ്ങളെയും യൂണിറ്റ് അംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ രൂപതാ ഡയറക്ടർ ഫാ. റോയി വട്ടക്കുന്നേൽ സിഎംഎഫ്, ജാക്കൂർ സെന്റ് ഫ്രാൻസിസ് ഡി സാലസ് ഇടവക വികാരി ഫാ. ജോസഫ് എംഎസ്എഫ്എസ്, ജെഎംജെ സന്യാസ സമൂഹത്തിന്റെ ബംഗളൂരു പ്രൊവിൻഷ്യൽ സിസ്റ്റർ സുന്ദരി ജെഎംജെ, അസോസിയേറ്റ് ഡയറക്ടർമാരായ ജോസഫ് ഐക്കര, കെ.ജെ. ജോൺസൺ, കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, വിവിധ ഇടവകകളിൽ നിന്നുള്ള പിതൃവേദി അംഗങ്ങൾ, ജെഎംജെ ആശുപത്രി അധികൃതർ, ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വിവിധ ഇടവകകളിൽ നിന്ന് പിതൃവേദി അംഗങ്ങൾ സ്വരൂപിച്ച തുക കൊണ്ടാണ് നാലു യൂണിറ്റുകളും വാങ്ങിയത്. സെന്റ് ഫിലോമിനാസ് ആശുപത്രിയിലും സെന്റ് മാർത്താസ് ആശുപത്രിയിലും ഒന്നു വീതവും ജെഎംജെ ആശുപത്രിയിൽ രണ്ടു യൂണിറ്റുകളും സ്ഥാപിച്ചു. സൗജന്യ ഡയാലിസിസ് ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ: 8147418717, 9739411471.
ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു
12:06 AM Nov 24, 2017 | Deepika.com