ബംഗളൂരു: അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് നടി രമ്യ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ മുൻ ഭവനമന്ത്രി കൂടിയായ എച്ച്.എം. അംബരീഷിന്റെ മണ്ഡലമാണ് മാണ്ഡ്യ. അംബരീഷിന് മാണ്ഡ്യ സീറ്റ് വീണ്ടും നല്കുന്നതു സംബന്ധിച്ച് അഭിപ്രായവ്യത്യാസം നിലനില്ക്കുന്ന സാഹചര്യത്തിലാണ് മാണ്ഡ്യ മുൻ എംപി കൂടിയായ രമ്യയുടെ പേര് ഉയരുന്നത്. അതേസമയം, രമ്യയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന രമ്യ ഇപ്പോൾ ഡൽഹിയിലാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധചെലുത്താൻ താരം തീരുമാനിച്ചതായും ഇതിനായി മാണ്ഡ്യയിൽ പുതിയ വീടെടുത്ത് താമസം മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. മാണ്ഡ്യയിലെ കോൺഗ്രസ് പ്രവർത്തകരുമായി അവർ കൂടിക്കാഴ്ച നടത്തും.
മുൻ സിനിമാതാരം കൂടിയായ എച്ച്.എം. അംബരീഷ് മണ്ഡലത്തിൽ എത്താറില്ലെന്ന് വിമർശനമുയർന്നിരുന്നു. നിയമസഭാ സമ്മേളനങ്ങളിലും അദ്ദേഹത്തിന്റെ അസാന്നിധ്യം പ്രകടമായിരുന്നു. കാവേരി ജലവിഷയത്തിലും മാണ്ഡ്യയിലെ കർഷകപ്രതിഷേധത്തിലും അദ്ദേഹം മൗനം പാലിച്ചതും ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. മണ്ഡലത്തിലെ ജനവികാരം എതിരായ സാഹചര്യത്തിലാണ് അംബരീഷിനു പകരം രമ്യയ്ക്ക് ടിക്കറ്റ് നല്കാൻ കോൺഗ്രസ് നേതൃത്വം ഒരുങ്ങുന്നത്. രമ്യയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ സീറ്റ് നിലനിർത്താനുള്ള ശ്രമത്തിലാണ് അംബരീഷ്. മുതിർന്ന കോൺഗ്രസ് നേതാവായ ജി. മാദേഗൗഡയുമായി അദ്ദേഹം മാണ്ഡ്യയിൽ കൂട്ടിക്കാഴ്ച നടത്തി. സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ അംബരീഷ് കോൺഗ്രസ് വിട്ട് ജെഡി-എസിൽ ചേരാൻ നീക്കം നടത്തുന്നതായും അഭ്യൂഹങ്ങളുണ്ട്. അതേസമയം, അംബരീഷിന് മാണ്ഡ്യ സീറ്റ് തന്നെ ലഭിക്കുമെന്നും രമ്യയെ മേലുകോട്ടെയിൽ നിന്ന് മത്സരിപ്പിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മാണ്ഡ്യയിൽ രമ്യ..?
09:02 PM Nov 20, 2017 | Deepika.com