ബംഗളൂരു: വനിതകൾക്കായി നഗരത്തിൽ പിങ്ക് ഓട്ടോറിക്ഷകളെത്തുന്നു. അടുത്തവർഷം ജനുവരി മുതൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഓട്ടോറിക്ഷാ സർവീസുകൾ ആരംഭിക്കുന്നത്. ബിബിഎംപിയുടെ സാമൂഹികക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഓട്ടോറിക്ഷകൾ വിതരണം ചെയ്യുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമേ പിങ്ക് ഓട്ടോറിക്ഷകളിൽ സഞ്ചരിക്കാനാകൂ. അതേസമയം, വനിതകൾക്കും പുരുഷ·ാർക്കും ഇവയുടെ ഡ്രൈവർമാരാകാം. മുന്നൂറു മുതൽ 400 വരെ ഓട്ടോറിക്ഷകളാണ് ആദ്യഘട്ടത്തിൽ എത്തിക്കുന്നത്. പദ്ധതിയിലുള്ള ഓട്ടോറിക്ഷകളിൽ 20 ശതമാനം വനിതകൾക്കു മാത്രമായി മാറ്റിവച്ചിരിക്കുകയാണെന്ന് മേയർ സന്പത്ത് രാജ് അറിയിച്ചു. ഓട്ടോറിക്ഷകൾ വാങ്ങിക്കുന്നവർക്ക് ബിബിഎംപി 25,000 രൂപ സബ്സിഡിയും നൽകും.
സ്ത്രീസുരക്ഷയെ മുൻനിർത്തിയുള്ള എല്ലാ സംവിധാനങ്ങളും പിങ്ക് ഓട്ടോറിക്ഷകളിലുണ്ടാകും. ഓട്ടോറിക്ഷകളുടെ സഞ്ചാരഗതി നിരീക്ഷിക്കുന്നതിനായി ജിപിഎസ് സംവിധാനം ഘടിപ്പിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി മുന്നറിയിപ്പ് ബട്ടണുകളും ഓട്ടോറിക്ഷകളിലുണ്ടാകും.
നിലവിൽ നഗരത്തിൽ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനായി നൂറോളം പിങ്ക് ഹൊയ്സാല പട്രോളിംഗ് വാഹനങ്ങൾ റോന്തുചുറ്റുന്നുണ്ട്. സ്ത്രീകൾക്കു മാത്രമായി നഗരത്തിൽ പാർക്കിംഗ് സൗകര്യവും ബിബിഎംപി ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിങ്ക് ഓട്ടോറിക്ഷകളെത്തുന്നത്.
വനിതകൾക്കായി പിങ്ക് ഓട്ടോറിക്ഷകൾ നിരത്തിലിറങ്ങും
09:03 PM Nov 15, 2017 | Deepika.com