+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ മഞ്ഞുകാലം എത്തി; മരണം മൂന്നായി

ബെർലിൻ: ജർമനിയിൽ മഞ്ഞുകാലത്തിന്‍റെ ആദ്യത്തെ വ്യക്തമായ സൂചനകൾ ലഭ്യമായി. വടക്കൻ പ്രദേശങ്ങളിൽ ആരംഭിച്ച തണുപ്പേറിയ കാലാവസ്ഥ ഇതര ഭാഗങ്ങളിലേക്കും വ്യാപിച്ചുതുടങ്ങി. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ കനത്ത മ
ജർമനിയിൽ മഞ്ഞുകാലം എത്തി; മരണം മൂന്നായി
ബെർലിൻ: ജർമനിയിൽ മഞ്ഞുകാലത്തിന്‍റെ ആദ്യത്തെ വ്യക്തമായ സൂചനകൾ ലഭ്യമായി. വടക്കൻ പ്രദേശങ്ങളിൽ ആരംഭിച്ച തണുപ്പേറിയ കാലാവസ്ഥ ഇതര ഭാഗങ്ങളിലേക്കും വ്യാപിച്ചുതുടങ്ങി. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും റിപ്പോർട്ട് ചെയ്യുന്നു. ശക്തമായ മഴയിൽ സാർലാന്‍റ് സംസ്ഥാനത്തിലെ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു പേർ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 25 നും 30 നും ഇടയിൽ പ്രായമുള്ള രണ്ടു യുവതികളും ഒരു യുവാവുമാണ് മരിച്ചത്.

ജർമനിയുടെ വടക്കു ഭാഗത്തുകൂടിയെത്തിയ തണുത്ത ധ്രുവക്കാറ്റ് തെക്കോട്ട് നീങ്ങുകയാണ്. ഇതാണ് മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും കാരണം. രാജ്യത്തെ പരമാവധി താപനില അഞ്ച് ഡിഗ്രിക്കും 11 ഡിഗ്രിക്കുമിടയിലായിരിക്കും. പടിഞ്ഞാറുനിന്നു കൂടി കാറ്റ് വീശിത്തുടങ്ങുന്നതോടെ ഇത് പൂജ്യത്തിനു താഴെയെത്തും.

ശനിയാഴ്ചയോടെ കാറ്റും മഴയും കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഞായറാഴ്ചയോടെ മഴയ്ക്ക് ശക്തി കുറയുമെങ്കിലും മഞ്ഞു വീഴ്ചക്ക് കരുത്തേറുമെന്നാണ് കരുതുന്നത്. സർക്കാർ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ