നടൻ ധനുഷിന്റെ ‘അസുരൻ’ സിനിമയിലെ ഡയലോഗ് വേദിയിൽ ഏറ്റുപറഞ്ഞ് കൈയടി നേടി ദളപതി വിജയ്. എസ്എസ്എൽസി, എച്ച്എസ്സി എന്നീ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് വിജയ് ‘അസുരൻ’ സിനിമയിലെ ഡയലോഗ് തന്റെ പ്രസംഗത്തിൽ കടമെടുത്തത്.
നമ്മുടെ കയ്യിൽ നിന്ന് പണമോ മറ്റുള്ള വിലപിടിപ്പുള്ള വസ്തുക്കളോ ആർക്കും കവർന്നുകൊണ്ടുപോകാൻ സാധിക്കും എന്നാൽ വിദ്യാഭ്യാസം മാത്രം ആർക്കും മോഷ്ടിക്കാൻ സാധ്യമല്ല എന്നർഥം വരുന്ന ഡയലോഗ് ആണ് വേദിയിൽ വിജയ് പറഞ്ഞത്.
‘‘കാടിരുന്താ എടുത്തിക്കുവാനിങ്ക, രൂപ ഇരുന്താ പുടിക്കുവാനുങ്കെ, ആണാ പഠിപ്പ് മട്ടും ഉങ്കക്കിട്ടൈ നിന്ന് എടുത്തിക്കുവേ മുടിയാത്’’ എന്ന അസുരൻ സിനിമയിൽ ധനുഷ് പറയുന്ന ഡയലോഗ് ആണ് വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽ വിജയ് എടുത്തു പറഞ്ഞത്.
When Thalapathy says #Asuran Dialogue 🤝
— Christopher Kanagaraj (@Chrissuccess) June 17, 2023
pic.twitter.com/GWQHSsZUt2
ഈ പരിപാടി സംഘടിപ്പിക്കാൻ എടുത്ത തീരുമാനത്തിന് കാരണവും ഈ ഡയലോഗ് തന്നെയാണെന്ന് വിജയ് പറഞ്ഞു.
തമിഴ്നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലെ എച്ച്എസ്സി, എസ്എസ്എൽസി ഗ്രേഡുകളിലെ മികച്ച 3 റാങ്കുകാരെ കണ്ടെത്തി ആദരിക്കുന്ന ചടങ്ങിലാണ് വിജയ് പങ്കെടുത്തത്.
വിദ്യാർഥികൾക്ക് സമ്മാനത്തുകയും സർട്ടിഫിക്കറ്റും വിജയ് വിതരണം ചെയ്തു. പൊതുജനങ്ങളെ ശല്യപ്പെടുത്തുന്ന രീതിയിൽ താൻ പങ്കെടുക്കുന്ന ചടങ്ങ് പ്രമോട്ട് ചെയ്യരുത് എന്ന് അദ്ദേഹം ആരാധകരോട് അഭ്യർഥിച്ചിരുന്നു.
അതിനിടെ, വിജയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. 2026 ലെ തമിഴ്നാട് തിരഞ്ഞെടുപ്പാണ് താരം ലക്ഷ്യമിടുന്നതെന്നും അതിനാലാണ് ഇത്തരം ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതെന്നുമാണ് ചിലരുടെ അഭിപ്രായം.