ബംഗളൂരു: ഇന്ദിര കാന്റീനിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഭക്ഷണം കഴിക്കാൻ സാഹചര്യമില്ലാത്തവർക്ക് ഒരു സന്തോഷവാർത്ത. ഭക്ഷണവുമായി ഇന്ദിര കാന്റീൻ നിങ്ങളുടെ അടുക്കലെത്തും. നഗരത്തിൽ ഇനിമുതൽ മൊബൈൽ ഇന്ദിര കാന്റീനുകളും പ്രവർത്തനമാരംഭിക്കുന്നു. ഇന്ദിര കാന്റീന് സ്ഥലം കണ്ടെത്താൻ സാധിക്കാത്ത 15 വാർഡുകളിലാണ് മൊബൈൽ കാന്റീനുകൾ പ്രവർത്തിക്കുക. ബാണാശങ്കരി, കോറമംഗല, ബിടിഎം ലേഔട്ട്, ജെപി നഗർ, യെലഹങ്ക ന്യൂടൗൺ, കെങ്കേരി, രാജരാജേശ്വരിനഗർ, ചലവടിപാളയ, ബൊമ്മനഹള്ളി, മാരപ്പനപാളയ, ഗോവിന്ദരാജ് നഗർ തുടങ്ങിയ സ്ഥലങ്ങളിൽ മൊബൈൽ കാന്റീൻ ഭക്ഷണമെത്തിക്കും.
ഇന്ദിര കാന്റീനുകളുടെ മാതൃകയിൽ ട്രക്കുകളിലാണ് മൊബൈൽ കാന്റീനുകൾ ഒരുക്കുന്നത്. ഇന്ദിര കാന്റീനുകളുടെ പ്രവർത്തനസമയമായിരിക്കും ഇവയ്ക്കും.
ഓരോ പ്രദേശങ്ങളിലും പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിൽ മൊബൈൽ കാന്റീൻ പാർക്ക് ചെയ്ത് ഭക്ഷണം വിതരണം ചെയ്യും. ഓരോ നിയോജമണ്ഡലത്തിലും പ്രവർത്തിക്കുന്ന അടുക്കളയിൽ നിന്നാണ് മൊബൈൽ കാന്റീനുകളിലേക്കും ഭക്ഷണമെത്തിക്കുന്നത്.
ഇനി മൊബൈൽ ഇന്ദിര കാന്റീനുകളും
12:15 AM Nov 08, 2017 | Deepika.com