മിമിക്രി കലാകാരന് കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്ന് സുഹൃത്തും നടനുമായ ബിനീഷ് ബാസ്റ്റിൻ.
അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു പരിക്ക്. ഒൻപതു മണിക്കൂർ നീളുന്ന ശസ്ത്രക്രിയയാണ് ബുധനാഴ്ച നടത്തിയത്. മഹേഷിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി എന്ന സന്തോഷവാർത്തയാണ് ബിനീഷ് പങ്കുവച്ചത്.
‘‘കൊല്ലം സുധി ചേട്ടന്റെ കൂടെ വാഹനാപകടത്തിൽപ്പെട്ട പ്രിയപ്പെട്ട മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷൻ കഴിഞ്ഞു കുഴപ്പമൊന്നുമില്ല.’’ ബിനീഷ് ബാസ്റ്റിൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്കു പരിക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബിനു അടിമാലിയും ഉല്ലാസ് അരൂരും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ബിനു അടിമാലി അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്.