+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓസ്ട്രിയയിൽ സർക്കാർ രൂപീകരിക്കാൻ കുർസിനു ക്ഷണം

ബെർലിൻ: ഓസ്ട്രിയയിൽ സർക്കാർ രൂപീകരിക്കാൻ പീപ്പിൾസ് പാർട്ടി നേതാവ് സെബാസ്റ്റ്യൻ കുർസിനെ പ്രസിഡന്‍റ് അലക്സാൻഡർ വാൻ ഡെർ ബെല്ലെൻ ക്ഷണിച്ചു. 31.5 ശതമാനം വോട്ട് മാത്രമാണ് പീപ്പിൾസ് പാർട്ടിക്കു ലഭിച്ചിട്ടു
ഓസ്ട്രിയയിൽ സർക്കാർ രൂപീകരിക്കാൻ കുർസിനു ക്ഷണം
ബെർലിൻ: ഓസ്ട്രിയയിൽ സർക്കാർ രൂപീകരിക്കാൻ പീപ്പിൾസ് പാർട്ടി നേതാവ് സെബാസ്റ്റ്യൻ കുർസിനെ പ്രസിഡന്‍റ് അലക്സാൻഡർ വാൻ ഡെർ ബെല്ലെൻ ക്ഷണിച്ചു. 31.5 ശതമാനം വോട്ട് മാത്രമാണ് പീപ്പിൾസ് പാർട്ടിക്കു ലഭിച്ചിട്ടുള്ളതെങ്കിലും പാർലമെന്‍റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് സർക്കാർ രൂപീകരണത്തിന് ആദ്യ അവസരം ലഭിക്കുന്നത്.

ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ, തീവ്ര വലതുപക്ഷക്കാരായ ഫ്രീഡം പാർട്ടിയുമായി സഖ്യം രൂപീകരിച്ച് രാജ്യം ഭരിക്കാനാണ് കുർസിന്‍റെ നീക്കം. ഇത് യൂറോപ്യൻ യൂണിയനു പുതിയ തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്.

ഭരണം നടത്തിയിരുന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 26.9 ശതമാനം വോട്ടുമായി തെരഞ്ഞെടുപ്പിൽ രണ്ടാമതായപ്പോൾ ഫ്രീഡം പാർട്ടി 26 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്താണ്. സർക്കാരിൽ പങ്കാളികളാകില്ലെന്ന് സോഷ്യൽ ഡെമോക്രാറ്റുകൾ പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തിൽ ഫ്രീഡം പാർട്ടിയെ കൂട്ടുപിടിക്കുക മാത്രമാണ് കുർസിനു മുന്നിലുള്ള മാർഗം.

അതേസമയം, ആഭ്യന്തരം അടക്കം സുപ്രധാന വകുപ്പുകൾ ലഭിക്കാതെ മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച് വിലപേശൽ തുടങ്ങിക്കഴിഞ്ഞു ഫ്രീഡം പാർട്ടി.

യൂറോപ്യൻ യൂണിയൻ ഓസ്ട്രിയ കൂടുതൽ സജീവമാകണം: കുർസ്

യൂറോപ്യൻ യൂണിയൻ സംവിധാനത്തിൽ ഓസ്ട്രിയ കൂടുതൽ സജീവമായി പ്രവർത്തിക്കുകയും ഇടപെടുകയും ചെയ്യേണ്ടത് അനിവാര്യമെന്ന് നിയുക്ത ചാൻസലർ സെബാസ്റ്റ്യൻ കുർസ്.

യൂറോപ്യൻ അനുകൂല രാജ്യം എന്ന നിലയിൽ യൂറോപ്പിനായി നിലകൊള്ളുക മാത്രമല്ല, യൂറോപ്യൻ യൂണിയന്‍റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സർക്കാർ രൂപീകരണത്തിന് അദ്ദേഹം പിന്തുണ തേടുന്ന ഫ്രീഡം പാർട്ടി കടുത്ത യൂറോപ്യൻ വിരുദ്ധ നിലപാടുകളുള്ള പാർട്ടിയാണ്. യൂറോപ്യൻ യൂണിയൻ സംവിധാനം തന്നെ ആവശ്യമില്ലെന്നു വാദിക്കുന്ന പാർട്ടിയുമായി കുർസ് എങ്ങനെ രാജ്യം ഭരിക്കുമെന്നാണ് യൂറോപ്പ് ഉറ്റുനോക്കുന്നത്.

റഷ്യയ്ക്കു മേൽ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കണമെന്നും യൂറോപ്യൻ നിലപാടുകൾക്കതിരേ നിലകൊള്ളുന്ന പൂർവ, മധ്യ യൂറോപ്യൻ രാജ്യങ്ങളുമായി ഓസ്ട്രിയ സഖ്യം സ്ഥാപിക്കണമെന്നുമാണ് ഫ്രീഡം പാർട്ടി ആവശ്യപ്പെടുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ