ബംഗളൂരു: നമ്മ മെട്രോയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന ഗൊട്ടിഗരെ മുതൽ നാഗവാര വരെയുള്ള പാതയ്ക്ക് യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക് 3,250 കോടി രൂപ നല്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ബാങ്കും കരാറിൽ ഒപ്പുവച്ചു. നേരത്തെ, മെട്രോ ഒന്നാം ഘട്ടത്തിനായി യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക് 810 കോടി രൂപ അനുവദിച്ചിരുന്നു. ഇതു കൂടാതെയാണ് രണ്ടാം ഘട്ടത്തിനായി വായ്പ അനുവദിച്ചത്. വായ്പാതുക 20 വർഷം കൊണ്ട് അടച്ചുതീർത്താൽ മതിയാകും. യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്കിനൊപ്പം ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കും രണ്ടാംഘട്ടത്തിന് സഹായം നല്കുന്നുണ്ട്. ഇതിനു പുറമേ, ഒരു ഫ്രഞ്ച് സാമ്പത്തിക ഏജൻസിയും 1500 കോടി രൂപ അനുവദിച്ചിരുന്നു.
നമ്മ മെട്രോ രണ്ടാം ഘട്ടത്തിനായി 26,404 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 8983 കോടി രൂപ കേന്ദ്രസർക്കാരും 5281 കോടി രൂപ സംസ്ഥാന സർക്കാരും നല്കും. ബാക്കി 12,140 കോടി രൂപ മെട്രോ കോർപറേഷൻ കണ്ടെത്തണം. ഇതിനായാണ് വിദേശബാങ്കുകളുടെ സഹായം തേടിയിരിക്കുന്നത്.
നമ്മ മെട്രോ: രണ്ടാം ഘട്ടത്തിന് യൂറോപ്യൻ ബാങ്കിന്റെ 3,250 കോടി
12:03 AM Oct 12, 2017 | Deepika.com