+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒന്നാം പിറന്നാൾ ആഘോഷിച്ചു

പ്രസ്റ്റണ്‍: ചരിത്രസംഭവത്തിന്‍റെ മധുരസ്മരണകൾ അയവിറക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒന്നാം പിറന്നാൾ ആഘോഷിച്ചു. തിങ്കളാഴ്ച രാവിലെ 11ന് പ്രസ്റ്റണ്‍ സെന്‍റ് അൽഫോൻസ കത്തീഡ്രലിൽ രൂപതാധ്യക്ഷൻ മാർ ജേ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒന്നാം പിറന്നാൾ ആഘോഷിച്ചു
പ്രസ്റ്റണ്‍: ചരിത്രസംഭവത്തിന്‍റെ മധുരസ്മരണകൾ അയവിറക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒന്നാം പിറന്നാൾ ആഘോഷിച്ചു. തിങ്കളാഴ്ച രാവിലെ 11ന് പ്രസ്റ്റണ്‍ സെന്‍റ് അൽഫോൻസ കത്തീഡ്രലിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് തിരുക്കർമങ്ങൾക്ക് തുടക്കമായത്.

പപ്പുവ ന്യൂഗിനിയായുടെയും സോളമൻ ഐലന്‍റിന്‍റേയും അപ്പസ്തോലിക് ന്യൂണ്‍ഷ്യോ മാർ കുര്യൻ വയലുങ്കൽ ദിവ്യബലി മധ്യേ സന്ദേശം നൽകി. രൂപത ഉദ്ഘാടനത്തിലും മെത്രാഭിഷേകത്തിലും പങ്കെടുക്കാൻ കഴിയാതെ പോയതിന്‍റെ സങ്കടം ഒന്നാം വാർഷികത്തിൽ പങ്കുചേർന്നതിലൂടെ പരിഹരിക്കുകയാണെന്നു പറഞ്ഞാണ് ആർച്ച്ബിഷപ് മാർ കുര്യൻ വയലുങ്കൽ വചസന്ദേശം ആരംഭിച്ചത്. യുകെയിലെ സീറോ മലബാർ കുടിയേറ്റ ജനതക്ക് ദൈവം നൽകിയ സമ്മാനമാണ് ഈ രുപതയും മെത്രാനും. രൂപത പിറവിയുടെ ആരംഭകാലമായതിനാൽ മർത്തായെപ്പോലെ പല കാര്യങ്ങളിലും ആകുലതയും അസ്വസ്ഥതയും തോന്നിയാലും മറിയത്തെപ്പോലെ ദൈവത്തോടു ചേർന്നുനിന്നു മുന്പോട്ടുപോയാൽ ഒരു കാര്യത്തിലും ബുദ്ധിമുട്ടുണ്ടാവില്ലെന്ന് മാർ വയലുങ്കൽ സുവിശേഷ ഭാഗത്തെ ഉദ്ധരിച്ചു പറഞ്ഞു.

ലങ്കാസ്റ്റർ രൂപത ബിഷപ് മൈക്കിൾ ജി. കാംബലിന്‍റെ പ്രതിനിധി ഫാ. റോബർട്ട് ബില്ലിംഗ്, രൂപത വികാരി ജനറാളന്മാരായ ഫാ. മാത്യു ചൂരപൊയ്കയിൽ ഫാ. സജി മലയിൽപുത്തൻപുരയിൽ എന്നിവരും രൂപതയിലെ വിവിധ കുർബാന കേന്ദ്രങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്തരും വിവിധ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽനിന്നെത്തിയ അൽമായ പ്രതിനിധികളുമടക്കം നൂറുകണക്കിനാളുകൾ തിരുക്കർമങ്ങളിൽ പങ്കെടുത്തു.

വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ ലങ്കാസ്റ്റർ രൂപതാധ്യക്ഷന്‍റെ സന്ദേശം പ്രതിനിധി ഫാ. റോബർട്ട് ബില്ലിംഗ് വായിച്ചു. തുടർന്നു മാർ ജോസഫ് സ്രാന്പക്കിൽ എല്ലാവർക്കും രൂപത വാർഷികത്തിന്‍റെ മംഗളങ്ങൾ നേർന്നു. മാർ കുര്യൻ വയലുങ്കലിന്‍റെ സാന്നിധ്യത്തിലും വാക്കുകളിലും മാർപാപ്പയുടെ തന്നെ സാന്നിധ്യവും വാക്കുകളുമാണ് നമുക്കു ലഭിച്ചിരിക്കുന്നതെന്നും മാർ സ്രാന്പിക്കൽ അനുസ്മരിച്ചു. രൂപതയുടെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ തനിക്കു ലഭിച്ച സ്വീകരണത്തിന് മാർ സ്രാന്പിക്കൽ നന്ദി പറഞ്ഞു.

വിശുദ്ധ കുർബാനക്കു മുന്പായി ഫാത്തിമ മാതാവിന്‍റെ ദർശനം ലഭിച്ച് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ഫ്രാൻസിസ്കോസ്, ജസീന്ത എന്നിവരുടെ തിരുശേഷിപ്പ് കത്തീഡ്രൽ ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. തുടർന്നു ലദീഞ്ഞും പ്രാർഥനയും നടന്നു.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്