
പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും സംവിധായൻ സമീർ താഹിറിന്റെ പിതാവുമായ താഹിർ മട്ടാഞ്ചേരിക്ക് ആദരാഞ്ജലികളുമായി മലയാള സിനിമാലോകം. മമ്മൂട്ടി, ഫഹദ് ഫാസിൽ, ടൊവീനോ തോമസ്, അമൽ നീരദ്, നസ്രിയ ഫഹദ്, ജ്യോതിർമയി, ബേസിൽ ജോസഫ്, രമേശ് പിഷാരടി തുടങ്ങി നിരവധിപ്പേർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.
പുതിയ ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്കായി ചൊവ്വാഴ്ച രാവിലെ പാലക്കാട്ടേക്ക് പോകുന്നതിനിടെ ബസിൽവച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്.
പേഴ്സിലുണ്ടായിരുന്ന വിലാസം ഉപയോഗിച്ച് ബസ് അധികൃതർ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, തമാശ, സുഡാനി ഫ്രം നൈജീരിയ, തല്ലുമാല തുടങ്ങി ഒട്ടേറെ വിജയ ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ചയാളാണ്.
സ്റ്റോറി ടെല്ലർ എന്ന വെബ്സീരിസിൽ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രാഹകനും സംവിധായകനും നിർമാതാവുമായ സമീർ താഹിറും ഛായാഗ്രാഹകനും എക്സിക്യുട്ടീവ് പ്രൊഡ്യുസറായ സനു താഹിറും മക്കളാണ്.
കലൂർ മാതൃഭൂമിക്കുസമീപം സൗഹൃദം ലെയ്നിലാണ് താമസം. 1995 ൽ ലൊക്കേഷൻ മാനേജറായാണ് താഹിറിന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഓഫിസ് നിർവഹണം, പ്രൊഡക്ഷൻ മാനേജർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്നീ ചുമലതകളും നിർവഹിച്ചു.
മകൻ സമീർ താഹിര്‍ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ പ്രൊഡക്ഷൻ കൺട്രോളറായി.