മഴയും വെള്ളക്കെട്ടും നേരത്തെ അറിയാം; മൊബൈൽ ആപ്പുമായി സർക്കാർ

08:48 PM Oct 07, 2017 | Deepika.com
ബംഗളൂരു: നഗരത്തിൽ മഴയും വെള്ളക്കെട്ടും മൂലം ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്കാൻ സർക്കാർ പുതിയ മൊബൈൽ ആപ്പ് തയാറാക്കുന്നു. അർബൻ ക്ലൈമറ്റ് എന്ന പേരിലുള്ള ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത് കർണാടക സംസ്ഥാന പ്രകൃതിദുരന്ത നിരീക്ഷണകേന്ദ്രവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ഐഐടികളും ചേർന്നാണ്. ഈ ഹൈടെക് മോണിറ്ററിംഗ് സിസ്റ്റം മഴയെയും വെള്ളപ്പൊക്കത്തെയുംകുറിച്ച് തത്സമയ വിവരങ്ങൾ മൊബൈൽ ഫോണുകളിലെത്തിക്കും. നഗരങ്ങളിലെ പ്രത്യേക പൊതുസൂചനാ ബോർഡുകളിലും ഈ വിവരങ്ങൾ ദൃശ്യമാകും. മൂന്നു മാസത്തിനുള്ളിൽ ബംഗളൂരുവിലും മറ്റ് പ്രധാന നഗരങ്ങളിലും ഈ സംവിധാനം നിലവിൽ വരും.

അമേരിക്കയിലെ പർഡ്യൂ സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെ നടപ്പാക്കുന്ന ഈ മെഗാ പദ്ധതിക്ക് ശാസ്ത്ര സാങ്കേതിക വകുപ്പാണ് പണംമുടക്കുന്നത്. നഗരങ്ങളിലെ വലിയ ഓവുചാലുകളിൽ പ്രത്യേക സെൻസറുകൾ സ്ഥാപിച്ചാണ് വെള്ളക്കെട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. വെള്ളം ഉയരുന്നതനുസരിച്ച് സെൻസർ ആപ്പ് വഴി മുന്നറിയിപ്പ് നല്കിക്കൊണ്ടിരിക്കും.

വെള്ളക്കെട്ട് മൂലം ഗതാഗത തടസമുണ്ടായാൽ ബദൽ റോഡുകളെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാകും. ഇത്തരത്തിൽ നഗരത്തിലെ വെള്ളക്കെട്ട് സാധ്യതയുള്ള 174 സ്ഥലങ്ങളിലെ വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തും. ഇവ കൂടാതെ, ഇടിമിന്നലിനെക്കുറിച്ച് മുന്നറിയിപ്പ് നല്കാനും ആപ്പിൽ സംവിധാനമുണ്ട്.