ബംഗളൂരു: പൂജ, ഗാന്ധിജയന്തി അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കർണാടക ആർടിസി പത്ത് സ്പെഷൽ സർവീസുകൾ കൂടി നടത്തും. നിലവിൽ സ്പെഷൽ ബസുകൾ സർവീസ് നടത്തുന്ന എല്ലാ സ്ഥലങ്ങളിലേക്കും രണ്ടു ബസുകൾ കൂടി പ്രഖ്യാപിക്കാനാണ് തീരുമാനം. നേരത്തെ, തിരക്കുള്ള മൂന്നു ദിവസങ്ങളിലായി 29 സ്പെഷൽ സർവീസുകൾ കർണാടക ആർടിസി പ്രഖ്യാപിച്ചിരുന്നു. ഇവയിൽ ഭൂരിഭാഗം ബസുകളിലും ടിക്കറ്റുകൾ വിറ്റുതീർന്ന സാഹചര്യത്തിലാണ് കൂടുതൽ ബസുകൾ എത്തിക്കുന്നത്.
കർണാടക ആർടിസി ബംഗളൂരുവിൽ നിന്ന് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവീസുകൾ നടത്തുന്നത്. ഇത്തവണ മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും കർണാടക ആർടിസി സ്പെഷൽ സർവീസ് നടത്തുന്നുണ്ട്.
പൂജ, ഗാന്ധിജയന്തി അവധിയോടനുബന്ധിച്ച് കേരള ആർടിസി പ്രഖ്യാപിച്ച 92 സ്പെഷൽ ബസുകളിലും ബുക്കിംഗ് തകൃതിയായി നടക്കുകയാണ്. മിക്ക ബസുകളിലും ടിക്കറ്റുകൾ തീർന്നു. തിരക്ക് അനുസരിച്ച് കൂടുതൽ സർവീസുകൾ നടത്താനാണ് തീരുമാനം.
ഈ മാസം 27 മുതൽ 30 വരെയാണ് പ്രത്യേക ബസുകൾ സർവീസ് നടത്തുന്നത്. ഇത്തവണ അവധി തുടങ്ങുന്നത് വെള്ളിയാഴ്ചയായതിനാലും ഗാന്ധിജയന്തി ഉൾപ്പെടെ നാലു ദിവസം അടുപ്പിച്ച് അവധി ലഭിക്കുമെന്നതിനാലും ഈ ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിലേക്കുള്ള പതിവ് ബസുകളിലും ട്രെയിനുകളിലും ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യമാണ്. യാത്രാത്തിരക്ക് മുതലെടുത്ത് സ്വകാര്യബസുകൾ ടിക്കറ്റ് നിരക്ക് ഉയർത്തിയതായും പരാതികളുയർന്നിരുന്നു.
കേരള ആർടിസി സ്പെഷൽ ബസുകളുടെ സമയക്രമം
വൈകുന്നേരം 6.15ന് ബംഗളൂരു- എറണാകുളം ഡീലക്സ് (കുട്ട, മാനന്തവാടി വഴി), 6.30ന് എറണാകുളം ഡീലക്സ് (കുട്ട, മാനന്തവാടി വഴി), ഏഴിന് തൃശൂർ ഡീലക്സ് (കുട്ട, മാനന്തവാടി വഴി), 7.15ന് തൃശൂർ ഡീലക്സ് (കുട്ട, മാനന്തവാടി വഴി), 8.31ന് തൃശൂർ ഡീലക്സ് (സേലം വഴി), 6.30ന് കോട്ടയം ഡീലക്സ് (കുട്ട, മാനന്തവാടി വഴി), 7.10ന് കോഴിക്കോട് എക്സ്പ്രസ് (കുട്ട, മാനന്തവാടി വഴി), 8.20ന് കോഴിക്കോട് ഡീലക്സ് (കുട്ട, മാനന്തവാടി വഴി), 8.45ന് കോഴിക്കോട് ഡീലക്സ് (കുട്ട, മാനന്തവാടി വഴി), 9.25ന് കോഴിക്കോട് ഡീലക്സ് (കുട്ട, മാനന്തവാടി വഴി), 9.35ന് കോഴിക്കോട് ഡീലക്സ് (കുട്ട, മാനന്തവാടി വഴി), 9.45ന് കോഴിക്കോട് ഡീലക്സ് (കുട്ട, മാനന്തവാടി വഴി), 10.15ന് കോഴിക്കോട് ഡീലക്സ് (കുട്ട, മാനന്തവാടി വഴി), 11.25ന് കോഴിക്കോട് ഡീലക്സ് (ബത്തേരി വഴി), 11.50 കോഴിക്കോട് എക്സ്പ്രസ് (ബത്തേരി വഴി), 9.46ന് കണ്ണൂർ ഡീലക്സ് (മട്ടന്നൂർ വഴി), പത്തിന് കണ്ണൂർ എക്സ്പ്രസ് (കൂത്തുപറമ്പ് വഴി), 10.46ന് കണ്ണൂർ സൂപ്പർഫാസ്റ്റ് (കൂത്തുപറമ്പ് വഴി), 9.15ന് പയ്യന്നൂർ എക്സ്പ്രസ് (കണ്ണൂർ വഴി), 10.15ന് പയ്യന്നൂർ എക്സ്പ്രസ് (ചെറുപുഴ വഴി), പത്തിന് തലശേരി ഡീലക്സ് (കൂത്തുപറമ്പ് വഴി), 10.20ന് തലശേരി ഡീലക്സ് (കൂത്തുപറമ്പ് വഴി), 11.55ന് സുൽത്താൻ ബത്തേരി സൂപ്പർഫാസ്റ്റ്.
പൂജ, ഗാന്ധിജയന്തി അവധി: കർണാടക ആർടിസിക്ക് 10 സ്പെഷൽ ബസുകൾ കൂടി
11:27 PM Sep 27, 2017 | Deepika.com