മോഹൻലാലും താനുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് നടൻ ശ്രീനിവാസൻ. വെറുക്കാൻ തക്കതായ വലിയ കാരണങ്ങളൊന്നും തങ്ങൾക്കിടയിൽ ഇല്ലെന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രം ഉടൻ ഉണ്ടാകുമെന്നും മകൻ വിനീതിനും അത് ആഗ്രഹമുണ്ടെന്നും ശ്രീനിവാസൻ വ്യക്തമാക്കി.
മൂവി വേൾഡ് മീഡിയായ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ മറുപടി. മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന പുതിയ സിനിമ ഉണ്ടാകുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശ്രീനിവാസൻ.
ആഗ്രഹം ഉണ്ട്. അതിന് പല ആള്‍ക്കാരും ശ്രമിക്കാറുമുണ്ട്. വേറെ ആരെങ്കിലും കഥയുമായി വന്നാലും ഞങ്ങള്‍ ഒന്നിക്കും. ഞങ്ങളെ ഒരു സിനിമയില്‍ ഒന്നിപ്പിക്കാൻ സംവിധായകൻ പ്രിയദര്ശന് ആഗ്രഹമുണ്ട്.
സത്യൻ അന്തിക്കാടിന് എപ്പോഴും അതാണ് ഇഷ്ടം. സത്യന് പ്ലാനൊന്നുമില്ല. പക്ഷേ പ്രിയന് പ്ലാനുണ്ട്. വിനീതിനും അങ്ങനെയൊരു ആഗ്രഹം ഉണ്ട്. അതായിരിക്കും ചിലപ്പോള്‍ ആദ്യം നടക്കുക.
നടൻ മോഹൻലാലിനോട് ഇഷ്ടമല്ലേ എന്ന ചോദ്യത്തിനും ശ്രീനിവാസൻ മറുപടി പറഞ്ഞു. വെറുക്കാൻ തക്കതായ കാരണങ്ങളൊന്നും അങ്ങനെ വലുതായി ഉണ്ടായിട്ടില്ല. ഭയങ്കര സ്നേഹം കാരണമായിരിക്കും അങ്ങനെയൊക്കെ സംഭവിക്കുന്നത്.
ഞാൻ ഒന്നും ഒളിപ്പിച്ച് വയ്ക്കുന്ന പ്രകൃതക്കാരനല്ല. അത് ആള്‍ക്കാര്‍ക്ക് ഇഷ്ടമായിരിക്കില്ല .പരസ്പരം ശത്രുതയിലാണെന്ന് പറയുന്നതുകൊണ്ട് ആള്‍ക്കാര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമായിരിക്കും. ശ്രീനിവാസൻ പറഞ്ഞു.