ബംഗളൂരു: പൂജ, ഗാന്ധിജയന്തി അവധിയോടനുബന്ധിച്ച് കേരള ആർടിസി നാട്ടിലേക്ക് പ്രഖ്യാപിച്ച സ്പെഷൽ ബസുകളിൽ ബുക്കിംഗ് പുരോഗമിക്കുന്നു. 27 മുതൽ 30 വരെയാണ് പ്രത്യേക ബസുകൾ സർവീസ് നടത്തുന്നത്. ഈ ദിവസങ്ങളിലെ പതിവ് ബസുകളിൽ ടിക്കറ്റുകൾ തീർന്നതോടെയാണ് സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചത്. ഇതുവരെ 28 സ്പെഷൽ സർവീസുകളാണ് കേരള ആർടിസി പ്രഖ്യാപിച്ചത്. കോഴിക്കോട്ടേക്ക് ആറും കണ്ണൂരിലേക്ക് മൂന്നും എറണാകുളം, തൃശൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും കോട്ടയം, തലശേരി, ബത്തേരി എന്നിവിടങ്ങളിലേക്ക് ഓരോ സ്പെഷൽ ബസുമാണ് സർവീസ് നടത്തുന്നത്. തിരക്കനുസരിച്ച് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കേരള ആർടിസി അധികൃതർ അറിയിച്ചു.
ഇത്തവണ അവധി തുടങ്ങുന്നത് വെള്ളിയാഴ്ചയായതിനാലും ഗാന്ധിജയന്തി ഉൾപ്പെടെ നാലു ദിവസം അടുപ്പിച്ച് അവധി ലഭിക്കുമെന്നതിനാലും ഈ ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസിയും കേരളത്തിലേക്ക് സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ബസുകളിൽ ചൊവ്വാഴ്ച ബുക്കിംഗ് ആരംഭിക്കും. നിലവിൽ കർണാടക ആർടിസിയുടെ വാരാന്ത്യ സ്പെഷൽ ബസുകളിൽ ബുക്കിംഗ് പുരോഗമിക്കുകയാണ്. കേരളത്തിലേക്കുള്ള പതിവ് ബസുകളിലും ട്രെയിനുകളിലും ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യമാണ്.
യാത്രാത്തിരക്ക് മുതലെടുത്ത് സ്വകാര്യബസുകൾ ടിക്കറ്റ് നിരക്ക് ഉയർത്തിയതായും പരാതികളുയർന്നിരുന്നു. ഈ സാഹചര്യത്തിൽ കേരള, കർണാടക ആർടിസികൾ കൂടുതൽ സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നത് മലയാളികൾക്ക് ആശ്വാസമാണ്.
പൂജാ അവധി: കേരള ആർടിസി ബസുകളിൽ ബുക്കിംഗ് തകൃതി
11:02 PM Sep 11, 2017 | Deepika.com