നിർമാതാവ് പി.കെ.ആർ പിള്ളയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ. താനടക്കമുള്ള നിരവധി കലാകാരൻമാരെ കൈപിടിച്ചുയർത്തിയ മനുഷ്യനായിരുന്നു അദ്ദേഹമെന്നും നടനെന്ന നിലയിലുള്ള തന്റെ വളർച്ചക്ക് അദ്ദേഹം നൽകിയ പ്രോത്സാഹനം വലുതായിരുന്നുവെന്നും മോഹൻലാൽ കുറിച്ചു.
എന്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ വാലിബൻ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാർത്ത അറിഞ്ഞത്.
പി.കെ.ആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി.
പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓർമ്മയിലെത്തുന്നത്. നടനെന്ന നിലയിലുള്ള എന്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.മോഹൻലാൽ കുറിച്ചു.