ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് അച്ഛനും അമ്മയുമായ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി അഭിരാമിയും ഭർത്താവ് രാഹുലും. കുഞ്ഞിനെ ദത്തെടുത്തിട്ട് ഒരു വർഷമായെന്നും ഏറ്റവും മനോഹര നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും അഭിരാമി സമൂഹമാധ്യമത്തിൽ കുറിച്ചു.
പ്രിയ സുഹൃത്തുക്കളെ, എല്ലാ അമ്മമാർക്കും എന്റെ മാതൃദിന ആശംസകൾ. ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഞങ്ങൾ ഞങ്ങൾ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു.
ഇന്ന് ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ്. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെയെല്ലാം അനുഗ്രഹവും പ്രാർഥനയും ഞങ്ങൾക്കും കുടുംബത്തിനും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. അഭിരാമി കുറിച്ചു.
ഹെൽത്ത് കെയർ ബിസിനസ് കൺസൾട്ടന്റ് രാഹുൽ പവനൻ ആണ് അഭിരാമിയുടെ ഭർത്താവ്. 2009ലാണ് ഇരുവരും വിവാഹിതരായത്. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗരുഡൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് അഭിരാമി.