നോർക്ക സെമിനാർ സംഘടിപ്പിച്ചു

07:10 PM Aug 30, 2017 | Deepika.com
ബംഗളൂരു: വിദേശരാജ്യങ്ങളിൽ ജോലി തേടുന്നവർക്കായി നോർക്ക റൂട്ട്സിന്‍റെ ആഭിമുഖ്യത്തിൽ പ്രീഡിപ്പാർച്ചർ ഓറിയന്േ‍റഷൻ പരിപാടി സംഘടിപ്പിച്ചു. ഗോട്ടിഗരെ ടി. ജോണ്‍ ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ നോർക്ക റൂട്ട്സ് സിഇഒ ഡോ. കെ.എൻ. രാഘവൻ, ടി.ജോണ്‍ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. തോമസ് പി. ജോണ്‍, നോർക്ക ഡവലപ്മെന്‍റ് ഓഫീസർ ട്രീസ തോമസ്, ടി.ജോണ്‍ നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ജോസഫൈൻ എന്നിവർ പ്രസംഗിച്ചു. ബംഗളൂരുവിലെ വിവിധ ആശുപത്രികളിലായി ജോലി ചെയ്യുന്ന നഴ്സുമാരും വിവിധ നഴ്സിംഗ് കോളജുകളിലെ അവസാനവർഷ ബിഎസ്സി വിദ്യാർഥികളുമായി 112 പേർ പരിപാടിയിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നല്കി.

2015 മേയ് ഒന്നു മുതൽ എമിഗ്രേഷൻ പരിശോധന നിഷ്കർഷിച്ചിട്ടുള്ള ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന 17 രാജ്യങ്ങളിലേക്ക് സർക്കാർ ഏജൻസികൾ മുഖേന മാത്രമേ റിക്രൂട്ട്മെന്‍റും എമിഗ്രേഷൻ ക്ലിയറൻസും സാധ്യമാകൂ എന്ന് ഡോ. കെ.എൻ. രാഘവൻ അറിയിച്ചു. വിദേശരാജ്യങ്ങളിലെ തൊഴിൽ സാധ്യതകളെയും സംസ്കാരങ്ങളെയും കുറിച്ച് ടിംബർലി സിഇഒ മാത്തുക്കുട്ടി സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു. ഇമിഗ്രേഷൻ നിയമങ്ങളെപ്പറ്റി ബംഗളൂരു വിമാനത്താവളത്തിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായ ജയഗോപാൽ ക്ലാസെടുത്തു. കസ്റ്റംസ് നിയമങ്ങളെക്കുറിച്ച് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് സച്ചു മനോജും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, നോർക്ക ജോബ് പോർട്ടൽ എന്നിവയെപ്പറ്റി നോർക്ക ഡവലപ്മെന്‍റ് ഓഫീസർ ട്രീസ തോമസും വീസ, യാത്രാ നിബന്ധനകൾ, ലീഗൽ മണി ട്രാൻസ്ഫർ എന്നിവയെക്കുറിച്ച് തോമസ് കുക്ക് അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് ഫുവാ പാറക്കാടനും ക്ലാസ് നയിച്ചു. തുടർന്ന് ടി.ജോണ്‍ കോളജിലെ അധ്യാപകനായ ഡോ. സാജു ജോണ്‍ സെമിനാറിലെ വിഷയങ്ങളെക്കുറിച്ച് ചോദ്യോത്തര പരിപാടി നടത്തി.

നോർക്ക റൂട്ട്സിന്‍റെ നേതൃത്വത്തിൽ സൗദിയിലെ റിയാദിലുള്ള സനാദ് ആശുപത്രിയിലേക്കുള്ള ബിഎസ്സി, ജനറൽ നഴ്സുമാരുടെ റിക്രൂട്ട്മെന്‍റ് ഇന്നും നാളെയുമായി നടക്കും. രജിസ്ട്രേഷനും ഓണ്‍ലൈൻ അപേക്ഷയ്ക്കും www.jobsnorka.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.