ബംഗളൂരു: കർണാടകത്തിലെ അംഗീകാരമുള്ള നഴ്സിംഗ് കോളജുകളുടെ ആദ്യപട്ടിക ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിൽ (ഐഎൻസി) പുറത്തുവിട്ടു. കൗണ്‍സിലിന്റെ ഒൗദ്യോഗിക വെബ്സൈറ്റിലൂടെ വിജ്ഞാപനമായി പുറത്തുവിട്ട പട്ടികയിൽ എല്ലാ സംസ്ഥാനങ്ങളിലെയും ഐഎൻസി അംഗീകാരമുള്ള കോളജുകളുടെയും വിവരങ്ങളുണ്ട്. പട്ടിക പ്രകാരം സംസ്ഥാനത്ത് ജനറൽ നഴ്സിംഗ് കോഴ്സിനായി 114 സ്ഥാപനങ്ങൾക്കും ബിഎസ്സി കോഴ്സിനായി 76 സ്ഥാപനങ്ങൾക്കും മാത്രമാണ് അംഗീകാരമുള്ളത്.
കർണാടകയിലെ അംഗീകാരമുള്ള കോളജുകളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി കഴിഞ്ഞയാഴ്ച ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന് അനുമതി നല്‍കിയിരുന്നു. നഴ്സിംഗ് കോളജുകൾക്ക് അംഗീകാരം നല്കാൻ ഐഎൻസിക്ക് അധികാരമില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ സമർപ്പിച്ച ഹർജിയിലാണ് കോളജുകളുടെ പട്ടിക പ്രസിദ്ധീകരിക്കാനുള്ള വിലക്ക് നീക്കി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. പട്ടിക പ്രസിദ്ധീകരിച്ചത് കർണാടകയിൽ നഴ്സിംഗ് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും പുതുതായി നഴ്സിംഗ് കോഴ്സുകൾക്ക് ചേരാൻ ആഗ്രഹിക്കുന്നവർക്കും അനുഗ്രഹമായി.
സംസ്ഥാനത്തെ നഴ്സിംഗ് കോളജുകൾക്ക് കർണാടക നഴ്സിംഗ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി മെഡിക്കൽ യൂണിവേഴ്സിറ്റിയുടെയും അംഗീകാരം മാത്രം മതിയെന്ന സർക്കാരിന്റെ ഉത്തരവിനെ തുടർന്നാണ് സംസ്ഥാനത്തെ കോളജുകളെ ഐഎൻസി പട്ടികയിൽ നിന്നു പുറത്താക്കിയത്. ഇതോടെ സംസ്ഥാനത്ത് നഴ്സിംഗ് പഠിക്കുന്ന മലയാളികളടക്കമുള്ള ഇതര സംസ്ഥാന വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലായി. കഴിഞ്ഞ വർഷം 257 കോളജുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമുണ്ട ായിരുന്നു.
സർക്കാരിന്റെ ഉത്തരവിനെ പിന്തുണച്ച് ഒരുവിഭാഗം കോളജ് മാനേജ്മെന്റുകൾ നല്കിയ ഹർജിയിലാണ് നഴ്സിംഗ് കോളജുകൾക്ക് അംഗീകാരം നല്കാൻ ഐഎൻസിക്ക് അധികാരമില്ലെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഐഎൻസിയുടെ വെബ്സൈറ്റിൽ കോളജുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതും വിലക്കി. ഈ ഉത്തരവിനെതിരേ, ഐഎൻസി അംഗീകാരം ആവശ്യപ്പെടുന്ന മാനേജ്മെന്റുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
കർണാടകയിലെ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ജോലി ചെയ്യുന്നതിന് കർണാടക നഴ്സിംഗ് കൗണ്‍സിലിന്റെ സർട്ടിഫിക്കറ്റ് മതിയാകും. എന്നാൽ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ചെയ്യുന്നതിന് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരം അത്യാവശ്യമാണ്. കർണാടകയിലെ വിവിധ നഴ്സിംഗ് കോളജുകളിലായി പഠനം നടത്തുന്നവരിൽ 70 ശതമാനം വിദ്യാർഥികളും ഇതരസംസ്ഥാനക്കാരാണ്. ഇവരിൽ കൂടുതൽ പേരും മലയാളികളാണ്. ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തതിനാൽ ബാങ്കുകളിൽ നിന്ന് വിദ്യാഭ്യാസ വായ്പ ലഭിക്കാത്ത സാഹചര്യവുമുണ്ട്.
ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിൽ അംഗീകാരമുള്ള കോളജുകളുടെ ആദ്യപട്ടിക പുറത്തുവിട്ടു
06:25 PM Aug 28, 2017 | Deepika.com