ദൃശ്യം 2 സിനിമയിൽ ജോർജുകുട്ടിയുടെ വക്കീലായി എത്തി ശ്രദ്ധനേടിയ ശാന്തിപ്രിയ ഇനി ദളപതി വിജയ്യ്ക്കൊപ്പം. ലിയോ സെറ്റില്‍ എന്ന അടിക്കുറിപ്പോടെ ശാന്തിപ്രിയ തന്നെയാണ് ഈ വിവരം പങ്കുവച്ചത്.
സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമുള്ള ചിത്രം ഇതോടെ വൈറലായിരിക്കുകയാണ്. 2021 ല്‍ ഒടിടി റിലീസായി എത്തിയ ദൃശ്യം 2വില്‍ ശാന്തി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാന്തിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.
ദൃശ്യം 2 എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലും ശാന്തി മായാദേവി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ബാബു ആന്റണി, മാത്യു എന്നിവരടക്കം മൂന്ന് മലയാളികളാണ് ഇതുവരെ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നത്. സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്കിൻ, മൺസൂർ അലി ഖാൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. മലയാളി താരം മാത്യുവിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ലിയോ.