+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വായനക്കാർക്ക് ഓണാശംസകൾ നേർന്ന് യുക്മ ജ്വാല ഇ മാഗസിൻ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി

ലണ്ടൻ: ലോക പ്രവാസികളുടെ ഇടയിൽ പ്രചുര പ്രചാരം നേടിയ യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്‍റെ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി. തിരുവോണചിന്തകൾ പങ്കുവച്ചുകൊണ്ട് ചീഫ് എഡിറ്റർ റജി നന്തികാ
വായനക്കാർക്ക് ഓണാശംസകൾ നേർന്ന് യുക്മ ജ്വാല ഇ മാഗസിൻ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി
ലണ്ടൻ: ലോക പ്രവാസികളുടെ ഇടയിൽ പ്രചുര പ്രചാരം നേടിയ യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്‍റെ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി. തിരുവോണചിന്തകൾ പങ്കുവച്ചുകൊണ്ട് ചീഫ് എഡിറ്റർ റജി നന്തികാട്ട് എഴുതിയ എഡിറ്റോറിയലിൽ എഴുപത്തൊന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഭാരതത്തിൽ പൗരസ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന സംഭവങ്ങളെ വേദനയോടെ ഓർക്കുന്നു. ഇച്ഛാശക്തിയുള്ള സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.

പ്രവാസി എഴുത്തുകാരിൽ പ്രസിദ്ധനായ മുരളി തുമ്മാരുകുടി എഴുതിയ മാറുന്ന ലോകം മാറേണ്ട കേരളം എന്ന ലേഖനത്തിൽ സാങ്കേതികമായി വളർന്നു കൊണ്ടിരിക്കുന്ന ലോകത്തോടൊപ്പം കേരളവും മാറണമെന്ന് ഓർമ്മപ്പെടുത്തുന്നു. വേറിട്ട രചനാശൈലികൊണ്ട് വായനക്കാരുടെ മനസ്സിൽ ഇടം നേടിയ ജോർജ് അറങ്ങാശ്ശേരി എഴുതുന്ന പംക്തി സ്മരണകളിലേക്ക് മടക്കയാത്രയിൽ താൻ നേരിട്ട ഒരു അനുഭവം പങ്കുവയ്ക്കുന്പോൾ മനസിൽ എവിടെയോ ഒരു നൊന്പരക്കിളി പാടി അകലുന്നത് നാമറിയുന്നു.

യുകെയിലെ എഴുത്തുകാരിൽ പ്രസിദ്ധയായ ബീന റോയി, ബാബുരാജ് മലപ്പട്ടം, ഡൊമിനിക് വർഗീസ് എന്നിവരുടെ കവിതകളോടൊപ്പം സുരേഷ് എം. ജി യുടെ 'മുഹമ്മദ് വർഗീസ്', ജോസഫ് അതിരുങ്കൽ എഴുതിയ 'പുലിയും പെണ്‍കുട്ടിയും' പെരിങ്ങോടന്‍റെ 'താര എന്ന പെണ്‍കുട്ടി' എന്നീ കഥകളും ജ്വാലയുടെ ഓഗസ്റ്റ് ലക്കം പേജുകൾ സന്പന്നമാക്കുന്നു.

ഗണേഷ്കുമാർ എഴുതിയ ദാരിദ്യ്രത്തെ കുറിച്ച് ഒരു ഉപന്യാസത്തിൽ വേദന നിറഞ്ഞ തന്‍റെ ജീവിതാനുഭവങ്ങൾ ഹൃദയസ്പർശിയായി എഴുതിയിരിക്കുന്നു. യൂത്ത് സെക്ഷനിലെ സിപ്പി പള്ളിപ്പുറത്തിന്‍റെ 'മാവേലിത്തന്പുരാനും വാമനനും' എന്ന ലേഖനത്തിൽ ഓണത്തിന്‍റെ ചരിത്ര പശ്ചാത്തലം വളരെ സരസമായി വിവരിക്കുന്നു. കഥ പറഞ്ഞു തരാൻ മുത്തശ്ചനും മുത്തച്ഛിയും കൂടെയില്ലാത്ത പ്രവാസി കുട്ടികൾക്കും യുവജനങ്ങൾക്കും തിരുവോണചിന്തകൾ അറിഞ്ഞിരിക്കേണ്ടത് തന്നെ എന്ന തിരിച്ചറിവിൽ ഈ ലേഖനം ഏറെ അർത്ഥവത്താകുന്നു.

യുകെയിലെ വിവിധ നൃത്ത വേദികളിൽ മാസ്മരിക പ്രകടനം കൊണ്ട് കാണികളുടെ പ്രശംസകൾ ഏറ്റു വാങ്ങിയ സ്നേഹ സജിയുടെ അഭിമുഖത്തിൽ നിരന്തര പരിശീലനമാണ് തന്‍റെ വിജയത്തിന്‍റെ പിന്നിലെന്ന് സൂചിപ്പിക്കുന്നു. കവർ ഫോട്ടോയും സ്നേഹയുടേതാണ്.

https://issuu.com/jwalaemagazine/docs/august_2017


റിപ്പോർട്ട്: വർഗീസ് ഡാനിയേൽ