ഒരു അഭിനേതാവെന്ന നിലയിൽ നൂറുശതമാനം ഉത്തരവാദിത്തബോധവും കൃത്യനിഷ്ഠയുമുള്ള ആളാണ് ഷൈൻ ടോം ചാക്കോയെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. താൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നിവർത്തിയുണ്ടെങ്കിൽ ഷൈൻ ടോം ചാക്കോയെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വി.കെ. പ്രകാശ് ചിത്രം ‘ലൈവി’ന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബി ഉണ്ണികൃഷ്ണന്റെ പരാമര്‍ശം.
ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും നിവർത്തിയുണ്ടെങ്കില്‍ കാസ്റ്റിംഗിലെ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേതായിരിക്കും. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് ഞാൻ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്.
നിരവധി ഊഹാപോഹങ്ങൾ ഇപ്പോൾ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈൻ ടോം ചാക്കോ. ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.