ജനനസർട്ടിഫിക്കറ്റിനൊപ്പം ഇനി ആധാർ

01:29 PM Aug 08, 2017 | Deepika.com
ബംഗളൂരു: സംസ്ഥാനത്ത് ഇനി ജനനസർട്ടിഫിക്കറ്റിനൊപ്പം ആധാർ കാർഡും ലഭ്യമാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. പദ്ധതി നടപ്പിലായാൽ രക്ഷിതാക്കൾക്ക് കുഞ്ഞിന്‍റെ ജനനസർട്ടിഫിക്കറ്റിനൊപ്പം ആധാർ കാർഡും ആശുപത്രിയിൽ നിന്ന് ലഭ്യമാകും. കുഞ്ഞുങ്ങളുടെ ആധാർ കാർഡുകളിൽ പിശകുകളുണ്ടെങ്കിൽ പിന്നീട് തിരുത്തുന്നതിനും സൗകര്യമുണ്ടാകും. ഇതിനായി, എല്ലാ ആശുപത്രികളിലും യുണീക് ഐഡൻറിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ജീവനക്കാരുടെ സേവനം ലഭ്യമാക്കും.

ആശുപത്രികളുമായി ഇതു സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണ്. സംസ്ഥാനത്തെ സ്കൂളുകളിൽ ആധാർ കാർഡുകൾ ലഭ്യമാക്കാനുള്ള നടപടികളും പൂർത്തിയായിവരികയാണ്. പൾസ് പോളിയോ പരിപാടിയുടെ മാതൃകയിൽ ജീവനക്കാർ ആശുപത്രികളിലും സ്കൂളുകളിലും എത്തി ആധാർ സേവനം ലഭ്യമാക്കും. സംസ്ഥാനത്ത് ആധാർ ലഭ്യത നൂറു ശതമാനമാക്കുകയാണ് ലക്ഷ്യമെന്ന് യുഐഡിഎഐ ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ 94 ശതമാനം പേരാണ് സംസ്ഥാനത്ത് ആധാർ എടുത്തിട്ടുള്ളത്.