ബംഗളൂരു: രാജ്യത്ത് ഇതാദ്യമായി കർണാടകയിൽ ഹെലിടാക്സി സർവീസിന് തുടക്കമായി. പ്രാരംഭമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽനിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്കാണ് ഹെലി ടാക്സി സർവീസ് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് ഹെലിടാക്സി വഴിയൊരുക്കും.
വിമാനത്താവളത്തിൽനിന്ന് റോഡ് മാർഗം ഇലക്ട്രോണിക് സിറ്റിയിലേക്ക് സാധാരണ ടാക്സിക്ക് രണ്ടു മണിക്കൂർ വേണം. ഈ 55 കിലോമീറ്റർ ദൂരം എത്താൻ ഹെലി ടാക്സിക്ക് 15 മിനിറ്റ് മതി എന്നതാണ് ഏറെ ആകർഷകം.
കുറഞ്ഞ ചെലവിൽ ഹെലികോപ്ടർ യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെലിടാക്സി സർവീസ് ആരംഭിച്ചത്. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ സർവീസ് ഉദ്ഘാടനം ചെയ്തു.
തുമ്പെഏവിയേഷൻ കമ്പനിയുമായി സഹകരിച്ചാണ് ഹെലി ടാക്സി സർവീസ് ആരംഭിച്ചത്. ഇതോടെ ഹെലിടാക്സി സർവീസുള്ള രാജ്യത്തെ ആദ്യവിമാനത്താവളമായി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം മാറി.
തുടക്കത്തിൽ ആറു സീറ്റുള്ള ബെൽ-407 ഹെലികോപ്ടറാണ് ഉപയോഗിക്കുന്നതെന്ന് തുമ്പെ ഏവിയേഷൻ ചീഫ് മാനേജിംഗ് ഡയറക്ടർ കെ.എൻ.ജി. നായർ അറിയിച്ചു. മൂന്നു മാസത്തിനുള്ളിൽ ഹെലി ടാക്സി സർവീസ് പൂർണതോതിൽ സജ്ജമാകും. പിന്നീട് വൈറ്റ് ഫീൽഡ്, എച്ച്എഎൽ വിമാനത്താവളം എന്നിവിടങ്ങളിലേക്കും സർവീസ് നീട്ടും. വിവിധ നഗരങ്ങളിലായി തൊണ്ണൂറോളം കെട്ടിടങ്ങളിൽ ഹെലിപാഡുകളും സജ്ജമാക്കും. ഇൻഫോസിസ്, വിപ്രോ, എച്ച്പി തുടങ്ങിയ ടെക് ഭീമന്മാരുടെ ആസ്ഥാനമായ ഇലക്ട്രോണിക് സിറ്റിയിലേക്ക് ഹെലിടാക്സി സർവീസ് ആരംഭിക്കുന്നത് ഏറെ ഉപകാരപ്രദമാകും. കമ്പനികളിൽ അടിയന്തരയോഗങ്ങളിൽ പങ്കെടുക്കാൻ പോകുന്നവർക്കാണ് ഇത് കൂടുതൽ അനുഗ്രഹമാകുന്നത്.
ഹെലിടാക്സി സർവീസിനു ബംഗളൂരുവിൽ തുടക്കം
01:50 PM Aug 07, 2017 | Deepika.com