അന്തരിച്ച പ്രിയപ്പെട്ട നടൻ മാമുക്കോയയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നിർമാതാവ് സുപ്രിയ മേനോൻ. കുരുതി എന്ന സിനിമയുടെ സെറ്റിൽ നിന്നും എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സുപ്രിയ പ്രിയതാരത്തിന് ആദരാഞ്ജലി അർപ്പിച്ചത്.
സഹായികളോ ബഹളങ്ങളോ ഇല്ലാതെ ജോലിയോടുള്ള ആത്മസമർപ്പണം മാത്രമുള്ള ഒരു അഭിനേതാവായിരുന്നു അദ്ദേഹം എന്നാണ് മാമുക്കോയയെക്കുറിച്ച് സുപ്രിയ കുറിച്ചത്. പൃഥ്വിരാജും സുപ്രിയയും ചേർന്ന് നിർമിച്ച കുരുതി എന്ന ചിത്രത്തിൽ മാമുക്കോയ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
കുരുതിയുടെ സെറ്റിൽ ഷോട്ടുകൾക്കിടയിൽ അദ്ദേഹം പുറത്ത് വിശ്രമിക്കുമ്പോൾ ഞാൻ എടുത്ത ചിത്രമാണിത്. സഹായികളില്ല, പരിവാരങ്ങളില്ല, ബഹളമില്ല, ഷോട്ടുകൾക്കിടയിൽ കാരവാനിലേക്കുള്ള പോക്കില്ല, ഏകമനസ്സോടെ ജോലിയോടുള്ള സമർപ്പണം മാത്രം. എത്ര മനോഹരമായ ആത്മാവ് ആണ് അദ്ദേഹം. ബഹുമാനം മാത്രം സർ, സമാധാനമായി വിശ്രമിക്കൂ. സുപ്രിയ മേനോൻ കുറിച്ചു.