നേപ്പാളിലെ കുരുന്നുകൾക്ക് ബംഗളൂരുവിന്‍റെ കരുതൽ

01:22 PM Jul 25, 2017 | Deepika.com
ബംഗളൂരു: ഭൂകന്പം മൂലം സ്കൂൾ നഷ്ടമായ നേപ്പാളിലെ കുരുന്നുകൾക്ക് ആശ്വാസമായി ബംഗളൂരു കെയർസ് ഫോർ നേപ്പാൾ’. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 50 കിലോമീറ്റർ അകലെയായി കാവ്രി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജൽ കല്യാണ്‍ വിദ്യാലയ് ആണ് ന്ധബംഗളൂരു കെയർസ് ഫോർ നേപ്പാൾ’ സംഘടനയുടെ നേതൃത്വത്തിൽ പുനർനിർമിച്ചത്. പുതുതായി പണികഴിപ്പിച്ച നാല് ക്ലാസ് റൂമുകളുടെയും ലൈബ്രറിയുടെയും ലാബ് ബ്ലോക്കിന്‍റെയും ഉദ്ഘാടനം വെള്ളിയാഴ്ച നടന്നു.

നമോബുദ്ധ മുനിസിപ്പാലിറ്റി മേയർ ടി.പി. ശർമ, ബംഗളൂരു കെയർസ് ഫോർ നേപ്പാൾ കോഓർഡിനേറ്റർ ഫാ. ജോർജ് കണ്ണന്താനം, നേപ്പാളിൽ സഹായമെത്തിക്കുന്ന എക്കോ സംഘടനയിലെ ഫാ. ആൻറണി സെബാസ്റ്റ്യൻ, എയ്ഫോ സംഘടനയിൽ നിന്നുള്ള ജോസ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. 300 വിദ്യാർഥികളാണ് ഈ ക്ലാസുകളിൽ പഠനം പുനരാരംഭിച്ചത്.

ശക്തമായ ഭൂചലനത്തിൽ സ്കൂൾ പൂർണമായി തകർന്നിരുന്നു. ഇതേത്തുടർന്ന് താത്കാലിക ക്ലാസ്മുറികളിലായിരുന്നു ഇവർ പഠനം നടത്തിയിരുന്നത്. ഭൂകന്പ ബാധിത മേഖലകളിൽ സന്നദ്ധപ്രവർത്തനം നടത്തിയിരുന്ന ബംഗളൂരു കെയർസ് ഫോർ നേപ്പാൾ സ്കൂൾ പുനർനിർമിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു. സ്പെയിനിൽ നിന്നുള്ള ഒരു സന്നദ്ധസംഘടനയുടെ സാന്പത്തിക സഹായവും സ്കൂളിനു ലഭിച്ചു. കാഠ്മണ്ഡുവിലെ സന്നദ്ധസംഘടനയായ നേപ്പാൾ വാച്ചും സ്കൂൾ മാനേജ്മെൻറും അധ്യാപകരും പങ്കാളികളായി.

ഫാ. ജോർജ് കണ്ണന്താനത്തിൻറെ നേതൃത്വത്തിലുള്ള ബംഗളൂരു കെയർസ് ഫോർ നേപ്പാൾ ഭൂകന്പബാധിത മേഖലകളിലെ ജനങ്ങൾക്ക് താത്കാലിക ഭവനങ്ങൾ നിർമിച്ചുനല്കുകയും അവർക്ക് മറ്റു സഹായങ്ങൾ നല്കുകയും ചെയ്യുന്നു. വിവിധ സഭകളും രൂപതകളും എൻജിഒകളും വ്യക്തികളും ഈ സന്നദ്ധ സംഘടനയുടെ ഭാഗമാണ്.