ദസറ: ആനകൾക്ക് പരിചരണം തുടങ്ങി

01:00 PM Jul 24, 2017 | Deepika.com
മൈസൂരു: ദസറയ്ക്കായി തെരഞ്ഞെടുത്ത ആനകളുടെ പ്രത്യേക പരിചരണം ആരംഭിച്ചു. ബാലെ, മത്തിഗൊഡു, ദുബാരെ, കെ.ഗുഡി എന്നിവിടങ്ങളിലെ വനംവകുപ്പിൻറെ നേതൃത്വത്തിലുള്ള ആനപരിപാലന കേന്ദ്രങ്ങളിലാണ് ഇവയെ പാർപ്പിച്ചിരിക്കുന്നത്. മുൻവർഷങ്ങളിൽ ആനകളെ മൈസൂരു കൊട്ടാരത്തിലെത്തിച്ച ശേഷമാണ് പരിചരണം നല്കുന്നത്.

എന്നാൽ ഇത്തവണ പരിപാലന കേന്ദ്രങ്ങളിൽ തന്നെ പരിചരണം നല്കാൻ തീരുമാനിക്കുകയായിരുന്നു. ദസറയ്ക്കായി തെരഞ്ഞെടുത്ത അർജുന, ബലരാമ, അഭിമന്യു, കൃഷ്ണ, ഭീമ, ദ്രോണ, ഗജേന്ദ്ര, ഗോപാലസ്വാമി, വരലക്ഷ്മി, സരള, കാവേരി, വിജയ, വിക്രമ, ഗോപി, ഹർഷ, പ്രശാന്ത എന്നീ ആനകൾക്കാണ് പ്രത്യേക പരിചരണം നല്കുന്നത്. സെപ്റ്റംബർ 21 മുതൽ 30 വരെ നവരാത്രി ആഘോഷങ്ങൾ നടക്കുന്നതിനാൽ വിജയദശമി ഘോഷയാത്രയിലും ഈ ആനകൾ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഇതിനു മുന്നോടിയായി ആനകൾക്ക് ഭാരം കൂടുന്നതിനായി പോഷകസമൃദ്ധമായ ഭക്ഷണമാണ് നല്കുന്നത്.

പയർ, ഉഴുന്നുപരിപ്പ്, പുഴുങ്ങിയ അരി, ഗോതന്പ്, കരിപ്പെട്ടി, ഉപ്പ്, പഞ്ചസാര, വെണ്ണ, ഉള്ളി എന്നിവ ചേർത്ത് മൂന്നു മുതൽ അഞ്ചു കിലോ വരെ ഭാരമുള്ള പ്രത്യേക ഉരുളകളാക്കിയാണ് ആനകൾക്ക് നല്കുന്നത്. ദിവസം രണ്ടു തവണ ഇവ നല്കും. ഇതുകൂടാതെ, ആൽ, ബോധി വൃക്ഷങ്ങളുടെ ഇലകളും നല്കുന്നു. ഭക്ഷണം കൂടാതെ മൃഗരോഗവിദഗ്ധരുടെ പ്രത്യേക നിർദേശപ്രകാരം ഉൗർജദായകമായ ഡിവിമാക് എന്ന മരുന്നും നല്കുന്നുണ്ട്. പരിപാലനകേന്ദ്രത്തിലെത്തിയ വഴി പരിക്കേറ്റ ഗജേന്ദ്ര എന്ന ആനയ്ക്ക് പ്രത്യേക ചികിത്സയും നല്കുന്നുണ്ട്. ദസറ ആഘോഷങ്ങൾക്കു മുന്നോടിയായി ആനകളെ കൊട്ടാരത്തിലെത്തിക്കുന്ന ഗജപായന ചടങ്ങ് ഓഗസ്റ്റ് പത്തിന് നടക്കുമെന്ന് ഡപ്യൂട്ടി കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്സ് വി. യെദുകുണ്ഡലു പറഞ്ഞു.