+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടീന പോളിന് യുകെ മലയാളി സമൂഹത്തിന്‍റെ അന്ത്യാഞ്ജലി

കാർഡിഫ്: അർബുദരോഗത്തെതുടർന്ന് കാർഡിഫിൽ കഴിഞ്ഞ ദിവസം നിര്യാതയായ ടീന പോളിന് കാർഡിഫ് മലയാളി സമൂഹം കണ്ണീരിൽ കുതിർന്ന യാത്ര മൊഴി നൽകി. സ്റ്റുഡന്‍റ് വീസയിൽ യുകെയിൽ എത്തി പരിചയപ്പെടുന്ന ആർക്കും പിന്നീട് വ
ടീന പോളിന് യുകെ മലയാളി സമൂഹത്തിന്‍റെ അന്ത്യാഞ്ജലി
കാർഡിഫ്: അർബുദരോഗത്തെതുടർന്ന് കാർഡിഫിൽ കഴിഞ്ഞ ദിവസം നിര്യാതയായ ടീന പോളിന് കാർഡിഫ് മലയാളി സമൂഹം കണ്ണീരിൽ കുതിർന്ന യാത്ര മൊഴി നൽകി. സ്റ്റുഡന്‍റ് വീസയിൽ യുകെയിൽ എത്തി പരിചയപ്പെടുന്ന ആർക്കും പിന്നീട് വിസ്മരിക്കാനാവാത്ത നിലയിൽ ബന്ധങ്ങൾ ഉണ്ടാക്കുന്ന ടീനയുടെ ഓർമകൾക്ക് മുന്പിൽ വിതുന്പലടക്കാനാകാതെയാണ് പലരും തിങ്കളാഴ്ച കാർഡിഫിൽ സെന്‍റ് ഫിലിപ്പ് ഇവാൻസ് പള്ളിയിൽ നിന്നും പിരിഞ്ഞു പോയത്.

മുപ്പതുകാരിയായ ടീന അങ്കമാലി താവളപ്പാറ സ്വദേശിനിയാണ്. 2010 യുകെയിൽ എത്തിയ ടീനക്ക് അഞ്ചു വർഷം മുന്പാണ് കാൻസർ രോഗം കണ്ടെത്തിയത്. 2013ൽ അസുഖം ഭേദമായതിനെ തുടർന്ന് അങ്കമാലി സ്വദേശി സിജോയെ വിവാഹം ചെയ്തിരുന്നു.

ശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് ശ്രാന്പിക്കൽ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജോർജ് എ. പുത്തൂർ, വികാരി ജനറാൾ ഫാ. മാത്യു ചൂരപൊയ്കയിൽ, ഫാ. പോൾ വെട്ടിക്കാട്ട്, ഫാ. അംബ്രോസ് മാളിയേക്കൽ എന്നിവരും ഡീക്കൻ ജോസഫ് ഫിലിപ്പും തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി. പരേതയെ അനുസ്മരിച്ച് ടീന പോൾ ജോലി ചെയ്തിരുന്ന നഴ്സിംഗ് ഹോമിന്‍റെ മാനേജർ സുജാത സിംഗ്, വൈദികരായ ജോർജ് എ. പുത്തൂർ, ഫാ. അംബ്രോസ് മാളിയേക്കൽ എന്നിവർ സംസാരിച്ചു.

യുക്മ നാഷണൽ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന് ടീനയുടെ ഭൗതികശരീരം ഗവണ്‍മെന്‍റ് ചെലവിൽ നാട്ടിലെത്തിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷൻ തയാറായി. യുക്മ സാന്ത്വനം വാട്സ്ആപ്പ് ഗ്രൂപ്പ് സ്വരൂപിച്ച് നൽകുന്ന യുക്മ സാന്ത്വനത്തിന്‍റെ സഹായം ടീനയുടെ കുടുംബത്തിന് നൽകുമെന്നും യുക്മ ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. ഫ്രാൻസീസ് മാത്യു കവളക്കാട്ടിൽ അറിയിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ