സ്ഥലത്തെച്ചൊല്ലി ബിഡിഎബിബിഎംപി തർക്കം; ഇന്ദിര കാൻറീൻ പ്രതിസന്ധിയിൽ

01:32 PM Jul 12, 2017 | Deepika.com
ബംഗളൂരു: സിദ്ധരാമയ്യ സർക്കാരിൻറെ സ്വപ്നപദ്ധതിയായ ഇന്ദിര കാൻറീന് തുടക്കത്തിൽതന്നെ തിരിച്ചടി. പദ്ധതി സ്ഥലത്തെച്ചൊല്ലി ബംഗളൂരു വികസന അതോറിറ്റിയും (ബിഡിഎ) ബിബിഎംപിയും തമ്മിലുള്ള തർക്കം മുറുകിയതോടെ പലയിടങ്ങളിലും കാൻറീൻ നിർമാണം തടസപ്പെട്ടു. എച്ച്ബിആർ ലേഒൗട്ട്, യസീൻ നഗർ എന്നിവിടങ്ങളിൽ കാൻറീൻ കെട്ടിടത്തിൻറെ നിർമാണം പാതിവഴിയിൽ നിർത്തിവച്ചു. നിലവിൽ ഏഴു കാൻറീനുകൾ മാത്രമാണ് പൂർത്തിയായത്. ഇതോടെ സ്വാതന്ത്ര്യദിനത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്യാമെന്ന പ്രതീക്ഷ മങ്ങി. ബിഡിഎയുമായുള്ള തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ നടന്നുവരികയാണെന്ന് ബിബിഎംപി അറിയിച്ചു.

തമിഴ്നാട്ടിലെ അമ്മ കാൻറീൻ മാതൃകയിൽ കുറഞ്ഞ വിലയ്ക്ക് സാധാരണക്കാർക്ക് ഭക്ഷണം നല്കുന്ന പദ്ധതി മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബജറ്റിൻറെ ഭാഗമായി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ 102 വാർഡുകളിലാണ് കാൻറീൻ നിർമിക്കുന്നത്. നഗരത്തിലെ ബിബിഎംപി പരിധിയിൽ വരുന്ന 198 വാർഡുകളിലും കാൻറീൻ സ്ഥാപിക്കും. ബിബിഎംപിക്കാണ് കാൻറീനുകളുടെ ചുമതല. ബംഗളൂരുവിൽ ആരംഭിക്കുന്ന പദ്ധതി വിജയമെന്നു കണ്ടാൽ മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കാനാണ് തീരുമാനം.

ഇന്ദിര കാൻറീനുകൾ നിലവിൽ വന്നാൽ ജനങ്ങൾക്ക് അഞ്ചു രൂപയ്ക്ക് പ്രഭാതഭക്ഷണം കഴിക്കാൻ സാധിക്കും. മൂന്ന് ഇഡ്ഡലിയും ചട്ണിയും ഉൾപ്പെടുന്നതാണ് പ്രധാന പ്രഭാതഭക്ഷണം. കൂടാതെ, പൊങ്കൽ ഉപ്പുമാവ്, ഖാരാബാത്ത് തുടങ്ങിയവയുമുണ്ടാകും. ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണത്തിന് പത്തു രൂപയായിരിക്കും നിരക്ക്. ചോറ്, തൈർസാദം, പുലാവ് തുടങ്ങിയവയാണ് പത്തു രൂപയ്ക്കു ലഭിക്കുന്നത്. ഭക്ഷണം ഒന്നിച്ചു പാകംചെയ്ത് കാൻറീനുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. കാൻറീനുകളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഭക്ഷണം തയാറാക്കുന്നതിനായി ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു പാചകശാല സ്ഥാപിക്കും.