ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിനയ രംഗത്ത് ചുവടുവയ്ക്കുന്നു. കവിത ലങ്കേഷ് സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രമായ സമ്മർ ഹോളിഡേയ്സിൽ മുഖ്യമന്ത്രിയുടെ വേഷത്തിൽ തന്നെയാണ് സിദ്ധരാമയ്യ എത്തുന്നത്. പത്തു മിനിറ്റ് ദൈർഘ്യമുള്ള രംഗത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്.
ചിത്രത്തിന്റെ 80 ശതമാനം രംഗങ്ങളും ചിത്രീകരിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടേതടക്കം ഏതാനും രംഗങ്ങൾ മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളത്.
ഒക്ടോബറിൽ ചിത്രം തിയേറ്ററിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. കന്നഡയ്ക്കൊപ്പം ഇംഗ്ലീഷിലും ചിത്രം പുറത്തിറക്കും. പ്രകാശ് രാജ്, സുമൻ നാഗർക്കർ, കവിത ലങ്കേഷിന്റെ മകൾ ഇഷ, അനന്തരവൾ സമർജിത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും.
അഭിനയം തനിക്ക് പുതുമയുള്ള കാര്യമല്ലെന്നാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. നിയമവിദ്യാർഥിയായിരിക്കേ നാടകരംഗത്ത് സജീവമായിരുന്നുവെന്നും അഭിനയം ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായ ശേഷവും സിനിമകൾ കാണാൻ സമയം കണ്ടെത്താറുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മിനിസ്ക്രീനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട മുഖ്യമന്ത്രി നടൻ രമേഷ് അരവിന്ദ് അവതാരകനായ കന്നഡ ടോക് ഷോയിൽ പങ്കെടുത്തിരുന്നു.
സിദ്ധരാമയ്യയെ ഇനി വെള്ളിത്തിരയിൽ കാണാം
07:47 PM Jun 26, 2017 | Deepika.com