വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ എന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു മേക്കിംഗ് വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. റെയില്‍ പാളം സ്ഫോടകവസ്തു വച്ച് തകര്‍ക്കുന്ന ഒരു നിർണായക സീക്വന്‍സിന്റെ രംഗങ്ങളാണ് റിലീസ് ചെയ്തിരിക്കുന്നത്.
ജാക്കിയാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചെന്നൈയ്ക്ക് സമീപം കേളമ്പാക്കത്ത് സെറ്റ് ഇട്ടാണ് ഈ രംഗം ചിത്രീകരിച്ചത്. ഇത് ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിംഗ് പരിശീലകനായ സുരേഷ് മരണപ്പെട്ടിരുന്നു. ഈ സീൻ ചിത്രീകരിക്കുന്നതിന് മാത്രം ഏകദേശം ഏട്ടു കോടി രൂപ ചിലവായെന്നാണ് റിപ്പോർട്ട്.
15 വര്‍ഷമായി സംവിധായകന് വെട്രിമാരന് മനസ്സില്‍ കൊണ്ടുനടന്ന സ്വപ്ന പദ്ധതിയാണ് വിടുതലൈ. 4 കോടി ബജറ്റിലാണ് ചെയ്യാന്‍ ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് 40 കോടി മുതല്‍മുടക്കില്‍ ചെയ്യാന്‍ സാധിക്കുന്ന നിർമാതാവിനെ അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു.
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ബി ജയമോഹന്റെ തുണൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കി വെട്രിമാരന് തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സൂരി നായകനാവുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്.