+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓർമയായത് പുന:രേകീകരണത്തിന്‍റെ ശിൽപ്പി

ബെർലിൻ: ജർമനിയുടെ മുൻ ചാൻസലറും ജർമൻ പുന:രേകീകരണത്തിന്‍റെ ശിൽപ്പിയും യൂറോപ്യൻ ഐക്യത്തിന്‍റെ ശക്തനായ വക്താവുമായിരുന്നു അന്തരിച്ച ഹെൽമുട്ട് കോൾ എന്ന് നേതാക്കൾ അനുസ്മരിച്ചു. 1982 മുതൽ 1998 വരെയാണ്
ഓർമയായത് പുന:രേകീകരണത്തിന്‍റെ ശിൽപ്പി
ബെർലിൻ: ജർമനിയുടെ മുൻ ചാൻസലറും ജർമൻ പുന:രേകീകരണത്തിന്‍റെ ശിൽപ്പിയും യൂറോപ്യൻ ഐക്യത്തിന്‍റെ ശക്തനായ വക്താവുമായിരുന്നു അന്തരിച്ച ഹെൽമുട്ട് കോൾ എന്ന് നേതാക്കൾ അനുസ്മരിച്ചു.

1982 മുതൽ 1998 വരെയാണ് കോൾ ജർമൻ ചാൻസലറായിരുന്നത്. യുദ്ധാനന്തര ജർമനിയിൽ ഏറ്റവും കൂടുതൽ കാലം ഈ സ്ഥാനത്തിരുന്നതിന്‍റെ റിക്കാർഡും അദ്ദേഹത്തിന്‍റെ പേരിൽ തന്നെ.

കോളും ഫ്രഞ്ച് പ്രസിഡന്‍റായിരുന്ന ഫ്രാൻസ്വ മിറ്ററാങ്ങും ചേർന്നാണ് യൂറോ പൊതു കറൻസി ഏർപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചത്. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് എല്ലാ യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങൾക്കും മുന്നിൽ പതാക പകുതി താഴ്ത്തിക്കെട്ടാൻ യൂറോപ്യൻ കമ്മീഷൻ മേധാവി ക്ലോദ് ജുങ്കർ നിർദേശം നൽകി.

ആഴമേറിയ ദുഃഖമാണ് കോളിന്‍റെ നിര്യാണം തനിക്കു നൽകുന്നതെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. ജർമൻ പുന:രേകീകരണവും യൂറോപ്യൻ ഐക്യവുമാണ് ജർമൻ രാഷ്ട്രീയത്തിന് കോൾ നൽകിയ ഏറ്റവും മഹത്തായ സംഭാവനകളെന്ന് മെർക്കൽ അനുസ്മരിച്ചു. റോമിലേക്കുള്ള യാത്രമധ്യേയാണ് മെർക്കൽ കോളിന്‍റെ മരണവാർത്തയറിഞ്ഞത്. മെർക്കൽ പിന്നീട് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.

ഒരു വലിയ രാജ്യതന്ത്രജ്ഞൻ ആയിരുന്നു ഹെൽമുട്ട് കോൾ എന്ന് ഫ്രാൻസിസ് മാർപാപ്പാ അനുസ്മരിച്ചു. മെർക്കലുമായുള്ള കൂടിക്കാഴ്ചയിലാണ് മാർപാപ്പാ കോളിനെ അനുസ്മരിച്ചത്. സ്വാതന്ത്ര്യത്തിന്‍റെ യഥാർഥ സുഹൃത്തും യുദ്ധാനന്തര യൂറോപ്പിലെ ഏറ്റവും മഹാൻമാരായ നേതാക്കളിലൊരാളുമായിരുന്നു കോൾ എന്ന് യുഎസ് മുൻ പ്രസിഡന്‍റ് ജോർജ് ബുഷ് പറഞ്ഞു.

യൂറോപ്യൻ ഭൂഖണ്ഡത്തിലെ പ്രത്യേകിച്ച് ജർമൻ രാഷ്ട്രീയത്തിലെ ഒരു മഹാനുഭാവൻ എന്നാണ് മുൻ അമേരിക്കൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റണ്‍ കോളിനെപ്പറ്റി അനുസ്മരിച്ചത്.

അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്, ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയർ, ജർമൻ മുൻചാൻസലർ ഗേഹാർഡ് ഷ്രൊയ്ഡർ, ഉപചാൻസലർ സീഗ്മാർ ഗാബ്രിയേൽ, ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നത്യാനിയാവു, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍, മുൻ ജർമൻ പ്രസിഡന്‍റ് ഗൗക്ക് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ കോളിന്‍റെ വേർപാടിൽ അനുശോചിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ