കർണാടക ആർടിസി ബസുകളിൽ സൗജന്യ വൈഫൈ

01:32 PM Jun 07, 2017 | Deepika.com
ബംഗളൂരു: കർണാടക ആർടിസി ടെർമിനലുകൾക്കു പുറമേ ബസുകളിലും സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്താൻ നീക്കം. അന്യസംസ്ഥാനങ്ങളിലേക്കുള്ള സർവീസുകളടക്കം 18,000 ബസുകളിലും വൈഫൈ സൗകര്യം ലഭ്യമാക്കും.

കർണാടക ആർടിസിയുടെ തന്നെ വിഭാഗങ്ങളായ നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻഡബ്ല്യുകെആർടിസി), നോർത്ത് ഈസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻഇകെആർടിസി) എന്നിവയിലും സൗജന്യ വൈഫൈ ഏർപ്പെടുത്തും. ഇതിനായി പൂന ആസ്ഥാനമായുള്ള കന്പനിയുമായി കർണാടക ആർടിസി കരാർ ഒപ്പിട്ടുകഴിഞ്ഞു.

നിലവിൽ കർണാടക ആർടിസിയുടെ 25 ബസ് ടെർമിനലുകളിൽ സൗജന്യ വൈഫൈ സൗകര്യമുണ്ട്. 450 ബസ് സ്റ്റേഷനുകളിൽ കൂടെ ഈ സേവനം ലഭ്യമാക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു. കർണാടക ആർടിസിയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണ് ബസുകളിൽ വൈഫൈ സൗകര്യം ഏർപ്പെടുത്തുന്നത്. മലയാളി യാത്രികരടക്കം നിരവധി പേർക്ക് ഇത് അനുഗ്രഹമാകും.