+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഞ്ചസ്റ്റർ ഭീകരാക്രമണം: സ്ത്രീ ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ

ലണ്ടൻ: മാഞ്ചസ്റ്റർ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് ആറാമതൊരാളെ കൂടി അറസ്റ്റ് ചെയ്തു. ഇതൊരു സ്ത്രീയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ നേരിട്ടു പങ്കെടുത
മാഞ്ചസ്റ്റർ ഭീകരാക്രമണം: സ്ത്രീ ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ
ലണ്ടൻ: മാഞ്ചസ്റ്റർ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് ആറാമതൊരാളെ കൂടി അറസ്റ്റ് ചെയ്തു. ഇതൊരു സ്ത്രീയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്രമണത്തിൽ നേരിട്ടു പങ്കെടുത്ത സൽമാൻ ആബേദിയെ കൂടാതെ ആർക്കൊക്കെയാണ് ഇതിൽ പങ്കുള്ളതെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആബേദിയുടെ സഹോദരൻ ഇസ്മായിലും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇയാളാണ് ആക്രമണത്തിന്‍റെ പ്രധാന ആസൂത്രകനെന്നാണ് കരുതുന്നത്. സൗത്ത് മാഞ്ചസ്റ്ററിലെ കോൾട്ടണിൽനിന്നാണ് ഇയാളെ പിടികൂടിയത്.

സംഭവത്തിന് ഇസ്ലാമിക് സ്റ്റേറ്റുമായി നേരിട്ട് ബന്ധമുള്ളതായി ഏറെക്കുറെ സ്ഥിരീകരിച്ചു കഴിഞ്ഞു. സംഘടന നേരത്തെ തന്നെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നതാണ്. ആബേദിയുടെ അച്ഛൻ റമദാനും മറ്റൊരു സഹോദരൻ ഹാഷിമും ലിബിയയിലാണുള്ളത്. ഇവരും ഇപ്പോൾ കസ്റ്റഡിയിലാണ്.

മാഞ്ചസ്റ്ററിലെ ഭീകരാക്രമണത്തിൽ 22 പേരാണ് മരിച്ചത്. 119 പേർ പരുക്കേറ്റു ചികിൽസയിലാണ്്. ഇതിൽ ഇരുപതിലേറെപ്പേരുടെ നില അതീവ ഗുരുതരമാണ്. കൈകാലുകൾ നഷ്ടപ്പെട്ടവരും ആന്തരാവയവങ്ങൾക്ക് കനത്ത ക്ഷതമേറ്റതും ഏറെപ്പേറെ ആശങ്കപ്പെടുത്തുന്നുണ്ട്.

ലണ്ടന്‍റെ സുരക്ഷയ്ക്ക് ആയിരം സായുധ സൈനികർ

മാഞ്ചസ്റ്റർ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ലണ്ടന്‍റെ സുരക്ഷ ഉറപ്പാക്കാൻ ആയിരം സായുധ സൈനികരെ നിയോഗിച്ചു. പാർലമെന്‍റ് മന്ദിരത്തിൽ പൊതു ജനങ്ങൾക്കു പ്രവേശനവും നിരോധിച്ചിരിക്കുകയാണ്. ചേഞ്ചിംഗ് ഓഫ് ദ ഗാർഡ് ചടങ്ങ് കാണാൻ നിരവധി ആളുകളെത്താറുള്ള സാഹചര്യത്തിൽ ഇതും റദ്ദാക്കി.
||
രാജ്യത്ത് ഒരു ഭീകരാക്രമണത്തിനു കൂടിയുള്ള ശക്തമായ സാധ്യത നിലനിൽക്കുന്നു എന്നു പ്രധാനമന്ത്രി തെരേസ മേ തന്നെ പ്രഖ്യാപിച്ചിരുന്നു. ബക്കിങ്ങാം പാലസ് ഉൾപ്പെടെ തലസ്ഥാനത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളുടെയെല്ലാം ചുറ്റിലും ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന്‍റെ അടിയന്തര കോബ്ര കമ്മിറ്റി മീറ്റിംഗിലാണ് സുരക്ഷാ സന്നാഹങ്ങൾ സംബന്ധിച്ച തീരുമാനമായത്. 2003 നു ശേഷം ആദ്യമായാണ് ലണ്ടന്‍റെ സുരക്ഷയ്ക്ക് പട്ടാളത്തെ നിയോഗിക്കുന്നത്.

നിർത്തിവെച്ച പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രചാരണമരാംഭിച്ചു

മാഞ്ചസ്റ്റെർ തീവ്രവാദി ആക്രമണത്തിൽ മരിച്ച നിരപരാധികളുടെ ആത്മാവിന് ആയിരങ്ങൾ പൂക്കളും പ്രാത്ഥനയുമായി ഇന്നലെയും ഇന്നും പ്രണാമം അർപ്പിച്ചു. ഇവരോടുള്ള ആദരസൂചകമായി കഴിഞ്ഞ രണ്ടു ദിവസമായി നിർത്തിവെച്ച പാർലമെന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ രാജ്യത്താകമാനം വീണ്ടും പുന:രാരംഭിച്ചു.

മാഞ്ചസ്റ്ററിലെ വിഥിൻഷോ ആന്‍റ് സെയ്ൽ ഈസ്റ്റ് പാർലമെന്‍റ് മണ്ഡലത്തിൽ നിന്ന് സ്വതന്ത്രസ്ഥാനാർത്ഥിയായി മൽസരിയ്ക്കുന്ന ചങ്ങനാശേരി തുരുത്തി സ്വദേശി ലക്സണ്‍ എം ഫ്രാൻസിസ് കല്ലുമാടിയ്ക്കൽ വീണ്ടും പ്രചാരണത്തിൽ സജീവമായെന്ന് ലേഖകനോടു പറഞ്ഞു. നിരപരാധികളുടെ ആത്മാവിന് ആദരാഞ്ജ്ജലികൾ അർപ്പിയ്ക്കാൻ സ്ഥാനാർത്ഥി ലക്സണ്‍ ജനസമൂഹത്തിന്‍റെ മുന്പിൽതന്നെ ഉണ്ടായിരുന്നു. മാനവസമൂഹത്തിനു വെല്ലുവിളിയായി ലോകത്തെ മുഴുവൻ നശിപ്പിക്കുന്ന തീവ്രവാദികൾ ഇന്ന് യുകെയ്ക്കു മാത്രമല്ല എല്ലാ രാജ്യങ്ങൾക്കും ഒരു പേടിസ്വപ്നമായി തീർന്നിരിയ്ക്കയാണ്.ജൂണ്‍ എട്ടിനാണ് ബ്രിട്ടനിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ്.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ