സൈക്കിൾ ഷെയറിംഗ് പദ്ധതിയായ ട്രിംഗ് ട്രിംഗ് 29ന്

01:28 PM May 25, 2017 | Deepika.com
മൈസൂരു: നഗരത്തിലെ സൈക്കിൾ ഷെയർ പദ്ധതിയായ ട്രിംഗ് ട്രിംഗിൻറെ ഉദ്ഘാടനം 29ന് നടക്കും. നേരത്തെ, പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും പരിപാടി നീളുകയായിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ജനുവരിയിൽ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സൈക്കിളുകൾ സൂക്ഷിക്കാനുള്ള ഡോക്കിംഗ് യാർഡുകളുടെ നിർമാണം വൈകിയതോടെ പരിപാടി നീളുകയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ പദ്ധതി പൂർത്തിയായി പരീക്ഷണയോട്ടവും നടത്തിയിരുന്നു.

നഗരത്തിലെ അന്തരീക്ഷമലിനീകരണം കുറയ്ക്കുക ലക്ഷ്യമിട്ട് കോർപറേഷൻറെ നേതൃത്വത്തിലാണ് നഗരത്തിൽ സൈക്കിൾ ഷെയറിംഗ് പദ്ധതി നടപ്പാക്കുന്നത്. നഗരഗതാഗത ഡയറക്ടറേറ്റിൻറെ സഹകരണത്തോടെയുള്ള പദ്ധതിക്ക് എട്ടു കോടി രൂപയാണ് ചെലവ്. സ്കൂൾ, കോളജ്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി നഗരത്തിലെ 48 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സൈക്കിൾ ഷെയറിംഗ് പദ്ധതി നടപ്പാക്കുന്നത്.

മൈസൂരു കൊട്ടാരം, ജഗൻമോഹൻ കൊട്ടാരം, മൈസൂരു മൃഗശാല, കുക്കറഹള്ളി തടാകം, ചാമുണ്ഡി മല, കരഞ്ചി തടാകം, സെൻറ് ഫിലോമിനാസ് ചർച്ച് തുടങ്ങിയ സ്ഥലങ്ങളിൽ ഡോക്കിംഗ് സ്റ്റേഷനുകളുണ്ട്. വിവിധ കേന്ദ്രങ്ങളിലായി 450ഓളം സൈക്കിളുകൾ ഒരുക്കിയിട്ടുണ്ട്.