ആശ ശരത്തിന്റെ ഭർത്താവ് ശരത്തിനെ പ്രശംസിച്ച് കണ്ടന്റ് ക്രിയേറ്റർ അനൂപ് ശിവശങ്കരൻ എഴുതിയ കുറിപ്പ് വൈറലാകുന്നു. ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹദിനം എല്ലാവർക്കുമപ്പുറം താരമായി മാറിയത് ശരത്താണെന്നും ആശയുടെ നൃത്തച്ചുവടുകൾക്ക് കൂച്ചുവിലങ്ങിടാതിരുന്ന ശരത്താണ് യഥാർഥ താരമെന്നും അനൂപ് പറയുന്നു.
മകളുടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് തന്നെ ആകർഷിച്ചതെന്നും അനൂപ് പറയുന്നു.
ആശാ ശരത്തിന്റെ മകളുടെ വിവാഹ ക്ലിപ്പുകളിൽ എനിക്കേറ്റവും ശ്രദ്ധേയമായി തോന്നിയത് അവരുടെ ഭർത്താവിന്റെ വാക്കുകളാണ്. മകളുടെ വിവാഹത്തെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം പറയുന്നത്.
"ആശയെ വിവാഹം കഴിച്ചപ്പോൾ അവർ തന്നോട് പറഞ്ഞത് ഡാൻസ് അവരുടെ രക്തമാണ് എന്നാണ്. അങ്ങനെയെങ്കിൽ ഞാൻ ആ രക്തത്തെ പമ്പ് ചെയ്യുന്ന ഹാർട്ട് ആയി തുടരുമെന്നാണ്! അത് പോലെ തന്റെ മകൾക്കും കലക്ക് മൂല്യം കൽപ്പിക്കുന്ന ഒരു കുടുംബബന്ധം ഉണ്ടാവട്ടെ.
വളരെ coherent ആയി സംസാരിക്കുന്ന ഈ മനുഷ്യനെയാണ് ചില ഓൺലൈൻ പത്രക്കാർ engagement video ക്ലിപ്പുകൾ അടർത്തി മാറ്റി ട്രോൾ ഇറക്കിയത്!
കുടുംബസ്ഥയായ ഒരു കലാകാരിക്ക് കലാജീവിതത്തിൽ ഉയരങ്ങളിൽ എത്തണമെന്നുണ്ടെങ്കിൽ ഏറ്റവും വലിയ ഭാഗ്യം വേണ്ടത് അവരുടെ ജീവിതചര്യ മനസ്സിലാക്കാൻ കഴിയുന്ന ജീവിതപങ്കാളിയെ ലഭിക്കുകയാണ്!
ഒരു സെലിബ്രിറ്റി ആയിരിക്കുക എളുപ്പമേയല്ല. മറ്റേതൊരു career നേക്കാളും സങ്കീർണമാണ് ഒരു performing artistന്റെ കലാജീവിതം demand ചെയ്യുന്ന തയ്യാറെടുപ്പുകൾ!
സുജാതയുടെയും സിത്താരയുടെയും സഫലമായ സംഗീതജീവിതം കാണുമ്പോഴുമൊക്കെ തോന്നും മോഹന്റെയും സജീഷിന്റെയും നിസ്വാർത്ഥമായ ഉയർന്നചിന്ത ഇല്ലായിരുന്നെങ്കിൽ അത് സാധ്യമാവുമായിരുന്നോ എന്ന്!
അത് കൊണ്ട് തന്നെ സാരികളുടെ മിന്നിച്ചകൾക്കുമപ്പുറം എനിക്ക് താരമായി തോന്നിയത്, ശ്രീ ശരത്താണ്. ആശയുടെ നൃത്തച്ചുവടുകൾക്ക് കൂച്ചുവിലങ്ങിടാതിരുന്ന ശരത്ത്. അനൂപ് കുറിച്ചു.