+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർപാപ്പായും ട്രംപും കൂടിക്കാഴ്ച നടത്തി

വത്തിക്കാൻസിറ്റി: ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പായും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. ആധുനിക ലോകത്തിലെ വിവിധ വിഷയങ്ങളിൽ തങ്ങളുടേതായ അഭിപ്രായങ്ങൾ വ്യക്തമാക്ക
മാർപാപ്പായും ട്രംപും  കൂടിക്കാഴ്ച നടത്തി
വത്തിക്കാൻസിറ്റി: ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പായും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. ആധുനിക ലോകത്തിലെ വിവിധ വിഷയങ്ങളിൽ തങ്ങളുടേതായ അഭിപ്രായങ്ങൾ വ്യക്തമാക്കിയിട്ടുള്ള ഇരുവരും തമ്മിൽ ആദ്യമായാണ് കൂടിക്കാണുന്നത്. മേയ് 23 നു വൈകിട്ട് ഇറ്റലിയിലെ ഫ്ളുമിസിമോ വിമാനത്താവളത്തിൽ ഇറങ്ങിയ ട്രംപും സംഘവും ബുധനാഴ്ച രാവിലെയാണ് മാർപാപ്പായെ സന്ദർശിച്ചത്. ഇരുവരും തമ്മിൽ ഏതാണ് 20 മിനിറ്റോളം സ്വകാര്യമായും ആശയവിനിമയവും നടത്തി. കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുവരും ഇതിനകം തന്നെ ഏറ്റുമുട്ടിയിട്ടുള്ളതാണെങ്കിലും ഇന്നത്തെ കൂടിക്കാഴ്ചയിൽ ഇരുവരും തമ്മിൽ സംസാരിച്ച വിഷയങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

അപ്പസ്തോലിക് പാലസിലെ പ്രൈവറ്റ് ലൈബ്രറി ഹാളിലായിരുന്നു കൂടിക്കാഴ്ച ഒരുക്കിയത്. ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മരുമകൻ ജാരദ് കുഷ്നറുമുണ്ടായിരുന്നു. മെലാനിയയും ഇവാങ്കയും വത്തിക്കാന്‍റെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള വസ്ത്രധാരണമാണ് നടത്തിയിരുന്നത്. ഇരുവരും കറുത്ത നിറമുള്ള വേഷമായിരുന്നു ധരിച്ചിരുന്നത്. മെലാനിയ തലയിൽ സ്കാർഫ് അണിഞ്ഞ് ലളിതമായ വേഷമാണ് ധരിച്ചിരുന്നത്.

ട്രംപിന് വത്തിക്കാൻ സേനയായ സ്വിസ്സ് ഗാർഡിന്‍റെ ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നു. പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപും സംഘവും സെന്‍റ് പീറ്റേഴ്സ് ബസലിക്കയും, സിസ്റ്റെൻ ചാപ്പലും സന്ദർശിച്ചു. ട്രംപ് പിന്നീട് ഇറ്റലിയുടെ പ്രസിഡന്‍റും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തും.

ട്രംപിന്‍റെ സന്ദർശനത്തോടനുബന്ധിച്ച് റോമിൽ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇറ്റാലിയൻ സന്ദർശനം പൂർത്തിയാക്കി ട്രംപും സംഘവും ഇന്നു വൈകിട്ട് നാറ്റോ ഉച്ചകോടിക്കായി ബ്രസ്സസിലേക്ക് യാത്രയാവും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ