മൈസൂരുവിലും ഓപ്പണ്‍ സ്ട്രീറ്റ്

01:26 PM May 24, 2017 | Deepika.com
മൈസൂരു: ബംഗളൂരുവില്‍ വിജയകരമായി നടപ്പാക്കിയ വാഹനമില്ലാത്തെരുവ് (ഓപ്പണ്‍ സ്ട്രീറ്റ്) മൈസൂരുവിലും വരുന്നു. ജൂലൈയിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഞായറാഴ്ചയിലായിരിക്കും ഓപ്പണ്‍ സ്ട്രീറ്റ് ആഘോഷം സംഘടിപ്പിക്കുന്നത്. ഹാര്‍ഡിംഗ് സര്‍ക്കിള്‍ മുതല്‍ കെആര്‍ സര്‍ക്കിള്‍ വരെയോ ദേവരാജ അര്‍സ് റോഡ് വരെയോ ആയിരിക്കും ഓപ്പണ്‍ സ്ട്രീറ്റാകുന്നത്. അന്നേദിവസം റോഡില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.

മൈസൂരുവില്‍ ആദ്യമായാണ് ഓപ്പണ്‍ സ്ട്രീറ്റ് സംഘടിപ്പിക്കുന്നത്. നഗരത്തിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായാണ് ജില്ലാ അധികൃതര്‍ പദ്ധതി നടപ്പാക്കുന്നത്. കാര്‍ണിവല്‍ മാതൃകയിലുള്ള ആഘോഷമായിരിക്കും ഓപ്പണ്‍ സ്ട്രീറ്റില്‍ ഒരുക്കുക. ഒരു ദിവസം മുഴുവന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാഹനങ്ങളെ പേടിക്കാതെ റോഡില്‍ യഥേഷ്ടം നടക്കാന്‍ കഴിയും. ചിത്രരചനാ, ഫോട്ടോഗ്രഫി മത്സരങ്ങള്‍, മാജിക് ഷോ, പാവക്കൂത്ത്, കഥാപാരായണം, സൈക്ലിംഗ്, സ്കേറ്റിംഗ്, കുട്ടികള്‍ക്കായുള്ള വിനോദങ്ങള്‍ തുടങ്ങിയവയും ഓപ്പണ്‍ സ്ട്രീറ്റ് ആഘോഷത്തിന്‍റെ ഭാഗമായി നടക്കും. കൂടാതെ ലഘുഭക്ഷണശാലകളും വഴിവാണിഭങ്ങളും റോഡിലുണ്ടാകും.

ഓപ്പണ്‍ സ്ട്രീറ്റ് ആഘോഷത്തിനു മുന്പായി ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാദിനം ആഘോഷിക്കാനും ജില്ലാ ഭരണകൂടം പദ്ധതിയിടുന്നുണ്ട്. ഇന്ത്യയുടെ യോഗാ തലസ്ഥാനമായി മൈസൂരുവിനെ ഉയര്‍ത്തിക്കാട്ടുന്നതിന്‍റെ ഭാഗമായി വലിയ രീതിയിലാണ് യോഗാദിനാഘോഷങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം, മൈസൂരു കൊട്ടാരത്തിലും മറ്റിടങ്ങളിലുമായി സംഘടിപ്പിച്ച യോഗാദിനാഘോഷത്തില്‍ 12,000 പേരാണ് പങ്കെടുത്തത്.

ഇത്തവണ കൂടുതല്‍ ആളുകളെ പ്രതീക്ഷിക്കുന്നുണ്ട്. ഇവയ്ക്കു പിന്നാലെ ഓഗസ്റ്റില്‍ മൈസൂരു കൊട്ടാരം, ടൗണ്‍ ഹാള്‍ തുടങ്ങിയ സ്ഥലങ്ങളിലായി മൂന്നു ദിവസത്തെ ദീപങ്ങളുടെ ആഘോഷവും സെപ്റ്റംബര്‍ 27ന് വിനോദസഞ്ചാര ദിനാഘോഷവും ഡിസംബറിലോ അടുത്തവര്‍ഷം ജനുവരിയിലോ കന്നഡ സാഹിത്യ സമ്മേളനവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈവര്‍ഷം സെപ്റ്റംബര്‍ മുതല്‍ ദസറ ആഘോഷവും നടക്കും. മൈസൂരുവിലെ എല്ലാ ആഘോഷ പരിപാടികളെയും ഉള്‍പ്പെടുത്തി ടൂറിസം കലണ്ടര്‍ തയാറാക്കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഡി. രണ്‍ദീപ് അറിയിച്ചു.