95-ാ മത് ഓസ്കര് പുരസ്കാര പ്രഖ്യാപനം നടക്കുമ്പോള്‍ ഡോള്‍ബി തിയറ്റേഴ്സില്‍ ഏറ്റവും തിളങ്ങിയത് "എവരിതിംഗ് എവരിവെര്‍ ഓള് അറ്റ് വണ്‍സ്' എന്ന ചിത്രമാണ്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉള്‍പ്പെടെ ഏഴ് ഓസ്കര് അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയത്.
2022ല്‍ ഇറങ്ങിയ അമേരിക്കന്‍ കോമഡി ഡ്രാമയാണ് "എവരിതിംഗ് എവരിവെര്‍ ഓള് അറ്റ് വണ്‍സ്'. ബഹുപ്രപഞ്ചം എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ ഹോളിവുഡ് ചിത്രം ഒരുക്കിയിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍, ആനിമേഷന്‍, ആക്ഷന്‍, സാഹസികത, ബ്ലാക്ക് കോമഡി, ഡ്രാമ തുടങ്ങി ഒരുകൂട്ടം ജോണറുകളുടെ മിശ്രിതമാണ് ചിത്രം.
10 വിഭാഗങ്ങളിലായി 11 ഓസ്കർ നോമിനേഷനാണ് എവരിതിംഗ് എവരിവെര്‍ ഓള് അറ്റ് വണ്സിനുണ്ടായിരുന്നത്. മികച്ച ചിത്രത്തിനുപുറമെ മികച്ച നടി, സംവിധായകന്, ഒറിജിനല്‍ തിരക്കഥ, സഹനടി, സഹനടന്‍, എഡിറ്റിംഗ് എന്നീ പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി.
ചിത്രത്തിലൂടെ മിഷേല്‍ യോ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള ഓസ്കാര്‍ നേടുന്ന ആദ്യ ഏഷ്യന്‍ വംശജ എന്ന ചരിത്ര നേട്ടവും അവര്‍ സ്വന്തമാക്കി. ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷീനെര്‍ട്ട് (സംവിധായകന്), ജാമി ലീ കര്‍ട്ടിസ് (മികച്ച സഹനടി), കെ ഹുയ് ക്വാന്‍( മികച്ച സഹനടന്‍) എന്നിവരും ഈ ചിത്രത്തിലൂടെ ഓസ്കര് നേട്ടം സ്വന്തമാക്കി.