മെട്രോ ഒന്നാംഘട്ടം ഇനിയും വൈകിയേക്കും

08:07 PM Apr 29, 2017 | Deepika.com
ബംഗളൂരു: നമ്മ മെട്രോയുടെ ഒന്നാംഘട്ടം ഇനിയും വൈകാൻ സാധ്യത. മുൻമന്ത്രി സുരേഷ് കുമാർ സാമൂഹ്യമാധ്യമത്തിൽ നല്കിയ പോസ്റ്റ് ആണ് ഇതു സംബന്ധിച്ച് സൂചന നല്കുന്നത്. ഒന്നാം ഘട്ടം ജൂണിൽ മാത്രമേ പൂർത്തിയാകുകയുള്ളൂ എന്നാണ് മെട്രോ നിർമാണ പുരോഗതി വിലയിരുത്തുന്ന സംഘത്തിലുള്ള സുരേഷ് പോസ്റ്റിൽ പറയുന്നത്. ബംഗളൂരു നഗരവികസനമന്ത്രി കെ.ജെ. ജോർജിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സംഘം മെട്രോ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ഇതിനു ശേഷമാണ് പദ്ധതി വൈകുമെന്ന് സുരേഷ് സൂചിപ്പിച്ചത്.

ഒന്നാംഘത്തിൽ പർപ്പിൾ ലൈൻ, ഗ്രീൻ ലൈൻ എന്നിങ്ങനെ രണ്ട ു പാതകളാണുള്ളത്. ഇതിൽ കിഴക്ക് -പടിഞ്ഞാറ് പർപ്പിൾ ലൈൻ ഇടനാഴി കഴിഞ്ഞ വർഷം ഏപ്രിലിൽ പൂർത്തിയായിരുന്നു. ഗ്രീൻ ലൈൻ ആയി അറിയപ്പെടുന്ന വടക്കുതെക്ക് പാതയിലെ സാന്പിഗെ റോഡ് മുതൽ യെലച്ചനഹള്ളി വരെയുള്ള പാതയിൽകൂടി മെട്രോ ഓടിത്തുടങ്ങിയാൽ ഒന്നാംഘട്ടം പൂർത്തിയാകും. ഇതിൽ സാന്പിഗെ റോഡ് മുതൽ കെആർ മാർക്കറ്റ് വരെയുള്ള നാലു കിലോമീറ്റർ ഭൂഗർഭപാതയാണ്. ഈ പാതയിൽ സുരക്ഷാ പരിശോധന പൂർത്തിയായിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ പൂർത്തിയാകേണ്ട ഒന്നാംഘട്ടം ആദ്യം ഏപ്രിലിലും പിന്നീട് മേയിലും പൂർത്തിയാകുമെന്നാണ് അറിയിച്ചിരുന്നത്. മെട്രോ എന്ന് ഓടിത്തുടങ്ങും എന്നതു സംബന്ധിച്ച് കൃത്യമായ തീയതി ബിഎംസിആർഎൽ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വനിതാ കോച്ചുകൾ അടുത്ത വർഷം

ബംഗളൂരു: നമ്മ മെട്രോയിൽ വനിതാ കോച്ചുകൾ അടുത്ത വർഷം എത്തും. ഒന്നാം ഘട്ടം വൈകുന്നതിനാൽ അടുത്ത വർഷമേ വനിതാ കോച്ചുകൾ യാഥാർഥ്യമാകുകയുള്ളൂ എന്ന് ബിഎംആർസിഎൽ ജനറൽ മാനേജർ യു.എ. വസന്ത് റാവു പറഞ്ഞു. എല്ലാ മെട്രോ ട്രെയിനുകളിലും ഒരു വനിതാ കോച്ച് വീതം ഉൾപ്പെടുത്താനാണ് തീരുമാനം. തിരക്കുള്ള സമയങ്ങളിൽ വനിതകൾക്ക് മെട്രോയിൽ യാത്ര ദുഷ്കരമാകുന്നുവെന്ന് പരാതിയുയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. അടുത്ത വർഷം പുതുതായി 150 കോച്ചുകൾ കൂടി മെട്രോ വാങ്ങുന്നുണ്ട്. വടക്ക്-തെക്ക് പാത പൂർത്തിയാകുന്പോൾ പുതിയ കോച്ചുകൾക്കൊപ്പം വനിതകൾക്കായുള്ള കോച്ചുകളും സ്ഥാപിക്കും.