സിനിമ ചിത്രീകരണത്തിനിടയിൽ നടൻ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ്, ദീപിക പദുകോണ്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പ്രൊജക്ട് കെയുടെ ഷൂട്ടിംഗിനിടെയാണ് താരത്തിന് അപകടം സംഭവിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്റെ വലതുഭാഗത്തെ വാരിയെല്ലിനാണ് പരിക്കേറ്റത്. ശരീരം ചലിപ്പിക്കാന്‍ കഴിയാത്തത്ര വേദനയുണ്ട്. ശ്വാസമെടുക്കുമ്പോഴും വേദനയാണ്. ഏതാനും ആഴ്ചകള്‍ ബെഡ് റെസ്റ്റ് തന്നെ വേണ്ടിവരും.
വേദനസംഹാരികളുടെ ബലത്തിലാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. കുറച്ച് ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാൽ മുംബൈയിലെ വസതിയില്‍ താനിപ്പോള്‍ വിശ്രമത്തിലാണെന്ന് അമിതാഭ് ബച്ചന് ബ്ലോഗില്‍ കുറിച്ചു.
ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്. ഈ സമയത്ത് ആരാധകരെ കാണാന്‍ പ്രയാസമാണെന്നും ആരും വസതിയ്ക്ക് പുറത്ത് എത്തരുതെന്നും നടന് അഭ്യര്‍ഥിച്ചു.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ത്രില്ലറാണ് പ്രോജക്ട് കെ. 2024 ജനുവരി 12നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.