+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിലെ ബേബി ബൂം തലമുറ സാന്പത്തിക ബാധ്യതയാകും

ബെർലിൻ: ജർമനിയിലെ പ്രായമേറുന്ന ജനത അടുത്ത പതിറ്റാണ്ടിന്‍റെ മധ്യം മുതൽ രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥയ്ക്ക് ബാധ്യതയായിത്തുടങ്ങുമെന്ന് പഠന റിപ്പോർട്ട്. ബേബി ബൂം തലമുറയിൽപ്പെട്ടവർ വിരമിക്കുന്ന സമയമാണത്.
ജർമനിയിലെ ബേബി ബൂം തലമുറ സാന്പത്തിക ബാധ്യതയാകും
ബെർലിൻ: ജർമനിയിലെ പ്രായമേറുന്ന ജനത അടുത്ത പതിറ്റാണ്ടിന്‍റെ മധ്യം മുതൽ രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥയ്ക്ക് ബാധ്യതയായിത്തുടങ്ങുമെന്ന് പഠന റിപ്പോർട്ട്. ബേബി ബൂം തലമുറയിൽപ്പെട്ടവർ വിരമിക്കുന്ന സമയമാണത്.

ജോലി ചെയ്യുന്ന തലമുറയിലുള്ളവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് വരാൻ പോകുന്നത്. ഇതോടെ രാജ്യത്തിന്‍റെ വളർച്ചാ സാധ്യത 1.0 ശതമാനത്തിനു താഴേയ്ക്കു പതിക്കും. 2011 മുതൽ 2016 വരെയുള്ള 1.25 ശരാശരിയിൽനിന്നായിരിക്കും ഈ വീഴ്ച എന്നും വിലയിരുത്തൽ.

യൂറോപ്പിലെ രോഗി എന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്ന ജർമനി പിന്നീട് ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സാന്പത്തിക ശക്തിയായി മാറുകയായിരുന്നു. കഴിഞ്ഞ വർഷം മാത്രം രാജ്യം രേഖപ്പെടുത്തിയത് 1.9 ശതമാനം വളർച്ചയാണ്.

അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഇപ്പോൾ 1990ലെ പുനരേകീകരണത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. 5.8 ശതമാനം. 2000ത്തിന്‍റെ തുടക്കത്തിൽ നടത്തിയ തൊഴിൽ വിപണി പരിഷ്കാരങ്ങളാണ് രാജ്യത്തെ നിരവധി തൊഴിൽരഹിതരെ തൊഴിൽ മേഖലയിലേക്കെത്തിച്ചത്. മറ്റു പല രാജ്യങ്ങളുമായും താരതമ്യം ചെയ്യുന്പോൾ ജർമനിയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ അനുപാതവും കൂടുതലാണ്.

എന്നാൽ, വരും വർഷങ്ങളിൽ രാജ്യത്തെ 60-75 പ്രായ വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം മൂന്നു മില്യണ്‍ കടക്കുമെന്നാണ് കണക്കാക്കുന്നത്. 1960 കൾക്കൊടുവിൽ ജനിച്ചവരാണ് ബേബി ബൂം തലമുറ എന്നറിയപ്പെടുന്നത്. ഇതേ സമയത്തു തന്നെ 45-54 പ്രായ വിഭാഗത്തിലുള്ളവരുടെ എണ്ണം മൂന്നര മില്യണിനു താഴെയെത്തുമെന്നും കണക്കാക്കുന്നു. 15-29 പ്രായ വിഭാഗത്തിൽ രണ്ടര മില്യണ്‍ മാത്രമായിരിക്കും ഉണ്ടാവുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ