+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിറിയൻ ആക്രമണം: യുഎസ് നടപടിക്ക് ജി 7 പിന്തുണ

ബെർലിൻ: ആറുവർഷമായി തുടരുന്ന സിറിയൻ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ഇറ്റലിയിൽ ചേർന്ന ജി 7 രാജ്യങ്ങളുടെ സമ്മേളനം സമാപിച്ചു. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്ക എ
സിറിയൻ ആക്രമണം: യുഎസ് നടപടിക്ക് ജി 7 പിന്തുണ
ബെർലിൻ: ആറുവർഷമായി തുടരുന്ന സിറിയൻ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ഇറ്റലിയിൽ ചേർന്ന ജി 7 രാജ്യങ്ങളുടെ സമ്മേളനം സമാപിച്ചു.

കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് ഇറ്റലിയിൽ സംഗമിച്ചത്. രാസായുധപ്രയോഗത്തെ യോഗം ഒന്നടങ്കം ശക്തമായി അപലപിച്ചപ്പോൾ, സിറിയൻ ഭരണകൂടത്തിന് പിന്തുണ തുടരുന്ന റഷ്യക്കുമേൽ ഉപരോധങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ വേണമെന്ന ആവശ്യം തള്ളി.

റഷ്യക്കും സിറിയക്കുമെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ലോകത്തിനു മുന്നിൽ വ്ളാദിമിർ പുടിൻ റഷ്യയുടെ പ്രതിച്ഛായ തകർത്തെന്നും സിറിയയിൽ ബാഷർ അൽ അസാദിന് നൽകിവരുന്ന പിന്തുണ പിൻവലിക്കുന്നതിനെ കുറിച്ച് ആ രാജ്യം ഗൗരവമായി ആലോചിക്കണെമന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, പിന്തുണ അവസാനിപ്പിക്കുന്നതിനു സമ്മർദം ചെലുത്തുന്നതിന്‍റെ ഭാഗമായി റഷ്യൻ സൈനിക ഓഫീസർക്കുനേരെയും ഉപരോധം ഏർപ്പെടുത്തണമെന്ന ബോറിസ് ജോണ്‍സന്‍റെ ആവശ്യത്തിന് സമ്മിശ്ര പ്രതികരണമാണുണ്ടായത്. യുഎസ് ഈ ആവശ്യത്തെ പിന്തുണച്ചു. വിഷയം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി തിങ്കളാഴ്ച രാത്രി ചർച്ച ചെയ്തിരുന്നു. അതേസമയം, റഷ്യയുമായി അനുരഞ്ജന ശ്രമങ്ങളാണ് ഈ സാഹചര്യത്തിൽ വേണ്ടതെന്ന് മറ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ബാഷറിന്‍റെ സഖ്യകക്ഷികളായ ഇറാനും റഷ്യയും സഹകരിച്ചാൽ മാത്രമേ സിറിയയിൽ സമാധാനം പുലരുകയുള്ളൂവെന്ന് ജർമൻ വിദേശകാര്യ മന്ത്രി സിഗ്മർ ഗബ്രിയേൽ അഭിപ്രായപ്പെട്ടു. ബാഷറിന് യുഎസ് കൃത്യമായ മറുപടി നൽകിക്കഴിഞ്ഞു. റഷ്യയെപ്പോലുള്ള രാജ്യങ്ങളുമായുള്ള കലഹം കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാധാന ചർച്ചകളിൽ റഷ്യക്ക് മുഖ്യസ്ഥാനമാണുള്ളതെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രാലയ വക്താവ് മസാറ്റോ ഒഹ്താക പറഞ്ഞു. തുടർന്ന് മോസ്കോ സന്ദർശിക്കുന്ന യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേർസൻ വഴി ചർച്ചയുടെ തീരുമാനം റഷ്യയെ അറിയിക്കാനും ധാരണയായി. സിറിയൻ പ്രശ്നം പരിഹരിക്കാതെ ലോകം നേരിടുന്ന തീവ്രവാദം തടയാൻ കഴിയില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ മാർക്െ എറാൾട്ട് അഭിപ്രായപ്പെട്ടു. സിറിയയുടെ ഭാവിയിൽ ബാഷർ അൽ അസാദിന് ഒരു സ്ഥാനവുമുണ്ടാകില്ലെന്ന് ടില്ലേർസനും ആവർത്തിച്ചു.

ബാഷർ സൈന്യത്തിന് തിരിച്ചടിയായി സിറിയൻ വ്യോമതാവളം ആക്രമിച്ച യുഎസ് സൈനിക നടപടിയെ യോഗം സ്വാഗതം ചെയ്തു. സിറിയയിലെ സംഭവവികാസങ്ങളെ പുതിയ ദിശയിലേക്ക് നയിക്കാൻ പ്രേരണയാകും യുഎസിന്‍റെ ഇടപെടലെന്ന് ഇറ്റാലിയൻ വിദേശകാര്യമന്ത്രി ആഞ്ജലിനോ അഫ്ലാനോ പ്രസ്താവിച്ചു. എന്നാൽ, സൈനിക നീക്കത്തേക്കാൾ രാഷ്ട്രീയ പരിഹാരമാണ് സിറിയയിൽ അഭികാമ്യമെന്ന നിർദേശവും ആഞ്ജലിനോ മുന്നോട്ടുവച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ